വ്യാപാര പിരിമുറുക്കങ്ങൾക്കും താരിഫ് ഭീഷണിക്കുമിടയിൽ ഫോണിൽ സംസാരിച്ച് ജയ്ശങ്കറും റൂബിയോയും; ആണവായുധം മുതൽ പ്രതിരോധം വരെ ചർച്ചയിൽ, അടുത്തമാസം കൂടിക്കാഴ്ച

ന്യൂഡൽഹി: വ്യാപാര പിരിമുറുക്കങ്ങളും താരിഫ് ഭീഷണികൾക്കുമിടയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വഷളായ ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ ഫോണിലൂടെ ചർച്ച നടത്തി. ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധങ്ങളിലെ നിർണ്ണായകമായ വിഷയങ്ങളാണ് ഇരുവരും സംസാരിച്ചത്.

നിലവിലുള്ള ഉഭയകക്ഷി വ്യാപാര കരാറുകളെക്കുറിച്ചും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രതിരോധ മേഖലയിലെ സഹകരണത്തിനൊപ്പം സെമികണ്ടക്ടർ നിർമ്മാണം ഉൾപ്പെടെയുള്ള മേഖലകളിൽ പ്രധാനമായ നിർണ്ണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.

ഇന്ത്യയിലെ പുതിയ ആണവോർജ്ജ ബില്ലിനെ റൂബിയോ അഭിനന്ദിക്കുകയും സിവിൽ ആണവ സഹകരണം വിപുലീകരിക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ്ജ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ചും ഇരുവരും വ്യക്തത വരുത്തി.

ഫെബ്രുവരിയിൽ ഇരുവരും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോർ സൂചിപ്പിച്ചു. ചർച്ചകൾക്ക് ശേഷം, ജയ്ശങ്കർ ഇതിനെ ഒരു “നല്ല സംഭാഷണം” എന്ന് വിശേഷിപ്പിച്ചു, അതേസമയം ഗോർ ഇതിനെ “പോസിറ്റീവ് കോൾ” എന്നും വിളിച്ചു.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പദവിക്ക് പുറമെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും നിലവിൽ മാർക്കോ റൂബിയോ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ട്രംപ് ഭരണകൂടം ഉയർന്ന തീരുവ ചുമത്തിയ സാഹചര്യത്തിലാണ് ഈ നിർണ്ണായക ചർച്ചയെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്നും കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

Jaishankar, Rubio hold phone conversation amid India -US trade tensions and tariff threats.

More Stories from this section

family-dental
witywide