
ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി സനയേ താകൈച്ചി പ്രഖ്യാപിച്ച അപ്രതീക്ഷിത തെരഞ്ഞെടുപ്പിൽ വോട്ടർമാർ അവർക്ക് സമ്മാനിച്ചത് ഉജ്ജ്വല വിജയം. ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) വൻ ഭൂരിപക്ഷം നേടിയതായി പൊതുപ്രക്ഷേപണ സ്ഥാപനമായ എൻ.എച്ച്.കെ റിപ്പോർട്ട് ചെയ്യുന്നു. താകൈച്ചിയുടെ നേതൃത്വത്തിന് മേലുള്ള ഹിതപരിശോധനയായി വിലയിരുത്തപ്പെട്ട ഈ തെരഞ്ഞെടുപ്പിൽ, ആകെയുള്ള 465 സീറ്റുകളിൽ 310 എണ്ണം വരെ ഭരണസഖ്യം നേടുമെന്നാണ് പ്രവചനങ്ങൾ. ഭരിക്കാനാവശ്യമായ 233 എന്ന മാന്ത്രിക സംഖ്യ എൽ.ഡി.പി ഒറ്റയ്ക്കുതന്നെ മറികടന്നു കഴിഞ്ഞു.
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ എൻ.എച്ച്.കെയ്ക്ക് നൽകിയ അഭിമുഖത്തിൽ, കടുത്ത തണുപ്പിനെയും മഞ്ഞുവീഴ്ചയെയും അവഗണിച്ച് വോട്ട് ചെയ്യാനെത്തിയ ജനങ്ങൾക്ക് താകൈച്ചി നന്ദി രേഖപ്പെടുത്തി. സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ഉത്തരവാദിത്തമുള്ള സാമ്പത്തിക നയങ്ങൾ നടപ്പിലാക്കാൻ വോട്ടർമാരുടെ വ്യക്തമായ അനുവാദം താൻ ആഗ്രഹിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ജപ്പാന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനയേ താകൈച്ചി, സ്ഥാനമേറ്റ് നാല് മാസത്തിനുള്ളിൽ തന്നെ ജനപ്രീതിയിൽ വലിയ മുന്നേറ്റമാണ് നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയുള്ള ഈ തീവ്ര യാഥാസ്ഥിതിക നേതാവ്, തന്റെ കഠിനാധ്വാനവും സോഷ്യൽ മീഡിയയിലെ സ്വാധീനവും കൊണ്ട് ജനമനസ്സുകളിൽ ഇടംപിടിച്ചു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ-മ്യുങ്ങിനൊപ്പം കെ-പോപ്പ് ഗാനങ്ങൾക്ക് ഡ്രംസ് വായിച്ച താകൈച്ചിയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഈ ജനപ്രീതിയും കരിസ്മയുമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.














