
വാഷിംഗ്ടൺ: ഈ വെള്ളിയാഴ്ചയ്ക്ക് ശേഷം ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി തുറന്നു പ്രവർത്തിക്കണമോ എന്നത് റിപ്പബ്ലിക്കൻമാരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്ന് ഹൗസ് മൈനോറിറ്റി ലീഡർ ഹക്കിം ജെഫ്രിസ്. കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്ന ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഏജൻസിയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം അംഗീകരിച്ചാൽ മാത്രമേ ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകൂ എന്നാണ് അദ്ദേഹം നൽകുന്ന സൂചന.
ഐസ് ഏജന്റുമാർ റെയ്ഡുകൾക്കിടയിലും മറ്റും മാസ്ക് ധരിക്കുന്നത് ഒഴിവാക്കണമെന്നതാണ് ഡെമോക്രാറ്റുകളുടെ ഒരു പ്രധാന ആവശ്യം. ഇത് ജനങ്ങൾക്ക് മുന്നിൽ തങ്ങൾ വരച്ച ‘ലക്ഷ്മണരേഖ’ ആണെന്ന് ജെഫ്രിസ് പറഞ്ഞു. നിലവിൽ ഐസ് ഏജൻസി നിയന്ത്രണാതീതമായാണ് പ്രവർത്തിക്കുന്നതെന്നും അമേരിക്കൻ ജനതയ്ക്ക് അത് അറിയാമെന്നും അവരെ പിടിച്ചു കെട്ടേണ്ടത് അനിവാര്യമാണെന്നും ജെഫ്രിസ് ആരോപിച്ചു.
ഫെമ, ടി.എസ്.എ തുടങ്ങിയ അത്യാവശ്യ ഏജൻസികൾക്ക് മാത്രമായി ഫണ്ട് നൽകി കൊണ്ട് ഐസ് പരിഷ്കാരങ്ങൾക്കായി ചർച്ച തുടരാമെന്ന നിർദ്ദേശത്തോട് ജെഫ്രിസ് അനുകൂലമായി പ്രതികരിച്ചില്ല. അമേരിക്കൻ ജനതയുടെ ആരോഗ്യവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുന്ന രീതിയിൽ മാത്രമേ ഗവൺമെന്റിന് ഫണ്ട് അനുവദിക്കൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് തങ്ങളുടെ നിർദ്ദേശങ്ങൾക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും, ഐസിനെ നിയന്ത്രിക്കാൻ റിപ്പബ്ലിക്കൻ ഗ്രൂപ്പിലെ തീവ്ര നിലപാടുകാർക്ക് താല്പര്യമില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളിയാഴ്ചയ്ക്കകം ഇരു വിഭാഗങ്ങളും തമ്മിൽ ധാരണയിലെത്തിയില്ലെങ്കിൽ സുപ്രധാനമായ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ പ്രവർത്തനം സ്തംഭിക്കും.














