ഭാര്യയെ കൊലപ്പെടുത്തി: ജിൽ ബൈഡൻ്റെ മുൻ ഭർത്താവിനെതിരെ കുറ്റം ചുമത്തി

വാഷിംഗ്ടൺ: ജിൽ ബൈഡൻ്റെ മുൻ ഭർത്താവ് വില്യം “ബിൽ” സ്റ്റീവൻസനെ തൻ്റെ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് അമേരിക്കയിലെ ഡെലവെയറിൽ പൊലീസ് അറസ്റ്റ് ചെയ്തു. 77 വയസ്സുകാരനായ ബിൽ സ്റ്റീവൻസനെതിരെ ഒന്നാം ഡിഗ്രി കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബർ 28-ന് വിൽമിംഗ്ടണിലെ വീട്ടിൽ നടന്ന തർക്കത്തിനിടെ ഇയാൾ തൻ്റെ ഭാര്യയായ ലിൻഡ സ്റ്റീവൻസനെ (64) വെടിവച്ചു കൊലപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഴ്ചകൾ നീണ്ട അന്വേഷണത്തിന് ശേഷം ഒരു ഗ്രാൻഡ് ജൂറി കുറ്റപത്രം നൽകിയതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 5,00,000 ഡോളർ ജാമ്യത്തുക നൽകാൻ കഴിയാത്തതിനെ തുടർന്ന് ഇയാൾ ഇപ്പോൾ ജയിലിലാണ്.

1970 മുതൽ 1975 വരെ ജിൽ ബൈഡൻ ബിൽ സ്റ്റീവൻസൻ്റെ ഭാര്യയായിരുന്നു. പിന്നീട് 1977-ലാണ് ജോ ബൈഡനെ വിവാഹം കഴിച്ചത്. ഇവർക്ക് ആഷ്‌ലി എന്ന മകളുണ്ട്. നാല് പതിറ്റാണ്ടിലേറെയായി അധ്യാപന രംഗത്ത് സജീവമാണ്. നോർത്തേൺ വെർജീനിയ കമ്മ്യൂണിറ്റി കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു അവർ. ഭർത്താവ് പ്രസിഡന്റായിരിക്കെ വൈറ്റ് ഹൗസിന് പുറത്ത് ശമ്പളമുള്ള ജോലിയിൽ തുടർന്ന ആദ്യത്തെ അമേരിക്കൻ പ്രഥമ വനിതയാണ് ജിൽ. 2021 മുതൽ 2025 വരെ അമേരിക്കയുടെ പ്രഥമ വനിതയായും , 2009 മുതൽ 2017 വരെ രണ്ടാമത്തെ വനിതയായും സേവനമനുഷ്ഠിച്ചു.

Jill Biden’s ex-husband William Bill Stevenson charged with murdering his wife.