ട്രംപ് അതീവ രഹസ്യരേഖകൾ അനധികൃതമായി കൈവശം വെച്ചുവെന്ന ആരോപണം; ജാക്ക് സ്മിത്തിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവിടില്ല, അനുകൂല വിധി

ഫ്ലോറിഡ: മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അതീവ രഹസ്യരേഖകൾ അനധികൃതമായി കൈവശം വെച്ചുവെന്ന ആരോപണത്തിൽ സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്ത് തയ്യാറാക്കിയ അന്തിമ റിപ്പോർട്ട് പുറത്തുവിടില്ല. ഫ്ലോറിഡയിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനൻ തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച നിർണ്ണായക വിധി പുറപ്പെടുവിച്ചത്. സ്പെഷ്യൽ കൗൺസലിന്‍റെ കണ്ടെത്തലുകൾ പൊതുജനങ്ങൾ കാണുന്നത് തടയണമെന്ന ട്രംപിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. റിപ്പോർട്ട് പുറത്തുവിടുന്നത് ട്രംപിനും മറ്റ് രണ്ട് പ്രതികൾക്കും നേരെ പ്രകടമായ അനീതി ഉണ്ടാക്കുമെന്ന് ജഡ്ജി നിരീക്ഷിച്ചു.

ജാക്ക് സ്മിത്തിന്റെ നിയമനം തന്നെ നിയമവിരുദ്ധമാണെന്ന് നേരത്തെ വിധിച്ചിട്ടുള്ള ജഡ്ജി കാനൻ, കേസ് റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയതിനെയും വിമർശിച്ചു. കുറ്റം തെളിയിക്കപ്പെടാത്ത ഒരു കേസിൽ പ്രോസിക്യൂട്ടർ ശേഖരിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് പതിവില്ലെന്ന് 15 പേജുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. പ്രതികൾ കുറ്റക്കാരല്ല എന്ന് കരുതപ്പെടാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് ഈ റിപ്പോർട്ട് പുറത്തുവിടുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി.

ജാക്ക് സ്മിത്ത് രണ്ട് വാല്യങ്ങളുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരുന്നത്. 2020ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ട്രംപ് ശ്രമിച്ചുവെന്നാണ് ഒന്നാം ഭാഗത്തിലെ ആരോപണം. ഇത് അദ്ദേഹം വൈറ്റ് ഹൗസിലേക്ക് മടങ്ങുന്നതിന് മുൻപ് തന്നെ പുറത്തുവിട്ടിരുന്നു. മാറലാഗോയിലെ രഹസ്യരേഖകളുമായി ബന്ധപ്പെട്ട അന്വേഷണം. ഇതാണ് ഇപ്പോൾ ഐലീൻ കാനൻ ശാശ്വതമായി മരവിപ്പിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ള ഈ അന്വേഷണങ്ങൾ രാഷ്ട്രീയ പ്രേരിതമായ വേട്ടയാടൽ ആണെന്ന് ട്രംപ് ആവർത്തിച്ചു. അതേസമയം, സന്നദ്ധ സംഘടനകളായ അമേരിക്കൻ ഓവർസൈറ്റും നൈറ്റ് ഫസ്റ്റ് അമെൻഡ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും ഈ വിധിക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്. ജനങ്ങൾക്ക് സത്യം അറിയാൻ അവകാശമുണ്ടെന്ന് അവർ വാദിക്കുന്നു.

More Stories from this section

family-dental
witywide