പെന്‍റഗണിന്‍റെ നീക്കത്തിന് കനത്ത തിരിച്ചടി, സെനറ്റർ മാർക്ക് കെല്ലിക്ക് അനുകൂലമായ നിലപാടുമായി കോടതി; പെന്‍റഗണിന്‍റെ നീക്കം ഭരണഘടനാ വിരുദ്ധമെന്ന് സൂചന

വാഷിംഗ്ടൺ: നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കരുതെന്ന് യുഎസ് സൈനികരോട് ആഹ്വാനം ചെയ്തതിന് സെനറ്റർ മാർക്ക് കെല്ലിയെ ശിക്ഷിക്കാനുള്ള പെന്‍റഗണിന്‍റെ നീക്കത്തിന് തിരിച്ചടി. ഈ നടപടി തന്റെ ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കാണിച്ച് മാർക്ക് കെല്ലി നൽകിയ ഹർജിയിൽ ഫെഡറൽ കോടതി അദ്ദേഹത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടന്ന വാദത്തിനിടയിൽ, മുതിർന്ന യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി റിച്ചാർഡ് ലിയോൺ ട്രംപ് ഭരണകൂടത്തിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ചു. നിലവിൽ സർവീസിലുള്ള സൈനികർക്ക് മാത്രമുള്ള നിയന്ത്രണങ്ങൾ, വിരമിച്ച സൈനികൻ കൂടിയായ മാർക്ക് കെല്ലിയെപ്പോലുള്ളവർക്കും ബാധകമാക്കണമെന്ന പെന്‍റഗണിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. “സുപ്രീം കോടതിയോ ഡിസി സർക്യൂട്ട് കോടതിയോ ഇന്നുവരെ ചെയ്യാത്ത ഒരു കാര്യം ചെയ്യാൻ നിങ്ങൾ എന്നോട് ആവശ്യപ്പെടുന്നത് യുക്തിരഹിതമാണ്,” എന്ന് ജഡ്ജി ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് വക്കീലിനോട് പറഞ്ഞു.

മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷ് നിയമിച്ച ജഡ്ജിയായ റിച്ചാർഡ് ലിയോൺ, ഈ കേസിലെ തന്റെ അന്തിമ തീരുമാനം ഫെബ്രുവരി 11-നകം അറിയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പെന്റഗണിന്റെ ശിക്ഷണ നടപടികൾ തടയുന്നതിനുള്ള ഉത്തരവ് കോടതി പുറപ്പെടുവിക്കുമെന്നാണ് സൂചനകൾ. സൈനിക സേവനത്തിന് ശേഷവും ഒരു വ്യക്തിക്ക് തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയാനുള്ള അവകാശത്തെ ബാധിക്കുന്നതാണ് ഈ വിധി.

Also Read

More Stories from this section

family-dental
witywide