ട്രംപ് ഭരണകൂടത്തിന് വീണ്ടും കോടതിയുടെ വിമർശനം; കടുത്ത ചോദ്യങ്ങളുമായി ജ‍‍ഡ്ജി, വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടറുടെ വീട്ടിലെ റെയ്ഡ് ചോദ്യം ചെയ്യപ്പെടുന്നു

അലക്സാണ്ട്രിയ (വിർജീനിയ): വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടർ ഹന്ന നാറ്റൻസന്‍റെ വീട്ടിൽ നടത്തിയ അസാധാരണമായ എഫ്ബിഐ റെയ്ഡുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പിന് ഫെഡറൽ കോടതിയുടെ കടുത്ത ശാസന. മാധ്യമപ്രവർത്തകരെ സർക്കാർ പരിശോധനകളിൽ നിന്നും പിടിച്ചെടുക്കലുകളിൽ നിന്നും സംരക്ഷിക്കുന്ന 1980-ലെ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട് നിലനിൽക്കെ, അത് കോടതിയിൽ നിന്ന് മറച്ചുവെച്ചതിനാണ് മജിസ്‌ട്രേറ്റ് ജഡ്ജി വില്യം പോർട്ടർ പ്രോസിക്യൂട്ടർമാരെ കടന്നാക്രമിച്ചത്.

“നിങ്ങൾക്ക് ഇത് എങ്ങനെ വിട്ടുപോയി? ഈ നിയമം ബാധകമല്ലെന്ന് നിങ്ങൾ എങ്ങനെ കരുതി?” എന്ന് ജഡ്ജി പോർട്ടർ ചോദിച്ചു. റെയ്ഡിന് അനുമതി തേടിയപ്പോൾ ഈ നിയമത്തെക്കുറിച്ച് സൂചിപ്പിക്കാതിരുന്നത് നീതീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റെയ്ഡിലൂടെ ഹന്ന നാറ്റൻസന്റെ ഫോൺ, രണ്ട് ലാപ്ടോപ്പുകൾ, ഗാർമിൻ വാച്ച് എന്നിവ പിടിച്ചെടുത്തത് അവളുടെ “ജീവിതകാലത്തെ അധ്വാനം മുഴുവൻ ഇല്ലാതാക്കുന്നതിന് തുല്യമാണ്” എന്ന് ജഡ്ജി നിരീക്ഷിച്ചു. 1,200 ഓളം രഹസ്യ സ്രോതസ്സുകളുമായി ഹന്ന നടത്തിയ ആശയവിനിമയങ്ങൾ ഇപ്പോൾ സർക്കാരിന്റെ കൈവശമാണുള്ളത്.

ജഡ്ജിയുടെ ‘നിരാശ’ മനസ്സിലാക്കുന്നുവെന്ന് ഡിഒജെ അഭിഭാഷകൻ ക്രിസ്റ്റ്യൻ ഡിബ്ലി പറഞ്ഞപ്പോൾ, “നിങ്ങൾ അതിനെ നിസ്സാരവൽക്കരിക്കുകയാണ്” എന്ന് ജഡ്ജി തിരിച്ചടിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരമാണ് നടപടികൾ നടന്നതെന്നാണ് അഭിഭാഷകന്റെ വാദം. പെന്‍റഗണിലെ കരാർ ജീവനക്കാരനായ ഒറേലിയോ ലൂയിസ് പെരസ്-ലുഗോൺസ് രഹസ്യരേഖകൾ ചോർത്തി നൽകി എന്നാരോപിച്ച് ജനുവരി 14-നാണ് ഹന്നയുടെ വീട്ടിൽ റെയ്ഡ് നടന്നത്. ഹന്ന ഈ കേസിൽ പ്രതിയല്ലെന്നും ഒരു സാക്ഷി മാത്രമാണെന്നും സർക്കാർ സമ്മതിച്ചിട്ടുണ്ട്. പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായാണ് ഈ റെയ്ഡിനെ മാധ്യമ ലോകം കാണുന്നത്. പിടിച്ചെടുത്ത ഉപകരണങ്ങൾ പരിശോധിക്കുന്നത് ജഡ്ജി ഇപ്പോൾ താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. ഇവ തിരികെ നൽകണമെന്ന വാഷിംഗ്ടൺ പോസ്റ്റിന്റെ അപേക്ഷയിൽ മാർച്ച് 4-ന് കോടതി വീണ്ടും വാദം കേൾക്കും.

More Stories from this section

family-dental
witywide