മിനസോട്ടയിൽ പ്രോസിക്യൂട്ടർമാരുടെ കൂട്ടരാജി; റെനി ഗുഡ് വധക്കേസ് അന്വേഷണത്തിൽ പ്രതിഷേധിച്ച് നീതിന്യായ വകുപ്പിൽ വൻ ഭിന്നത

മിനിയാപൊളിസ്: അമേരിക്കയിലെ മിനസോട്ടയിൽ ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാരുടെ ഓഫീസ് വൻ പ്രതിസന്ധിയിൽ. ഈ മാസം ആദ്യം ഐസിഇ ഏജന്‍റിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട അമേരിക്കൻ പൗരയായ റെനി ഗുഡിന്‍റെ കേസിലെ ഭരണകൂട നിലപാടിൽ പ്രതിഷേധിച്ച് മുതിർന്ന പ്രോസിക്യൂട്ടർമാർ രാജിഭീഷണി മുഴക്കിയതായാണ് പുതിയ റിപ്പോർട്ടുകൾ. അമേരിക്കൻ അറ്റോർണി ഡാനിയൽ റോസന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പ്രോസിക്യൂട്ടർമാർ തങ്ങളുടെ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ കുടിയേറ്റ നയങ്ങൾക്കൊപ്പം നിൽക്കാൻ റോസൻ ആവശ്യപ്പെട്ടെങ്കിലും, ഭരണകൂടത്തിന്റെ നടപടികൾ നിയമവിരുദ്ധമാണെന്നാണ് പ്രോസിക്യൂട്ടർമാരുടെ വാദം. നേരത്തെ റെനി ഗുഡിന്റെ കൊലപാതകത്തെത്തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങൾക്കും അന്വേഷണ പരാജയങ്ങൾക്കും പിന്നാലെ നിരവധി ഉദ്യോഗസ്ഥർ രാജിവെച്ചിരുന്നു. റെനി ഗുഡിന്‍റെ കൊലപാതകം ഒരു സിവിൽ റൈറ്റ്‌സ് കേസായി അന്വേഷിക്കുന്നതിന് പകരം, ഏജന്‍റിന് നേരെയുണ്ടായ ആക്രമണമായി ചിത്രീകരിക്കാനാണ് നീതിന്യായ വകുപ്പ് നിർദ്ദേശിച്ചത്.

മിനസോട്ട സ്റ്റേറ്റ് ഏജൻസികളെ അന്വേഷണത്തിൽ നിന്ന് മാറ്റിനിർത്തുന്നതും സ്വതന്ത്രമായ ഒരു അന്വേഷണം തടയുന്നതും ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചു. നേരത്തെ നടന്ന രാജി തരംഗത്തിൽ മുൻ ആക്ടിംഗ് യുഎസ് അറ്റോർണി ജോ തോംസൺ ഉൾപ്പെടെയുള്ള പ്രമുഖർ പടിയിറങ്ങിയിരുന്നു. പുതിയ രാജികൾ കൂടി ഉണ്ടായാൽ ഇമിഗ്രേഷൻ സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യാൻ മതിയായ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയുണ്ടാകും. സാഹചര്യം നേരിടാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രോസിക്യൂട്ടർമാരെ മിനസോട്ടയിലേക്ക് എത്തിക്കാനാണ് വാഷിംഗ്ടണിലെ നീതിന്യായ വകുപ്പ് ആലോചിക്കുന്നത്.

More Stories from this section

family-dental
witywide