
വാഷിംഗ്ടൺ: പ്രസിഡന്‍റ് ട്രംപിനെതിരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ട് അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടി രൂപീകരിച്ച ‘വെപ്പണൈസേഷൻ വർക്കിംഗ് ഗ്രൂപ്പ്’ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു. തിങ്കളാഴ്ച ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച നിർണ്ണായക യോഗം ചേർന്നു. ട്രംപിനെതിരെ ഫെഡറൽ കേസുകൾ അന്വേഷിച്ച മുൻ സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്തിനെയും അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും ഗ്രൂപ്പ് നിരീക്ഷിക്കുന്നുണ്ട്.
ട്രംപിനെതിരെ ന്യൂയോർക്കിൽ കേസെടുത്ത മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി അൽവിൻ ബ്രാഗ്, ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിറ്റിയ ജയിംസ് എന്നിവരുടെ നടപടികളിലെ രാഷ്ട്രീയ താല്പര്യങ്ങൾ പരിശോധിക്കും. 2021 ജനുവരി 6-ലെ കാപ്പിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട് നടന്ന മുൻ അന്വേഷണങ്ങളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.
കഴിഞ്ഞ ഒരു വർഷമായി ഈ വർക്കിംഗ് ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ ഫലങ്ങൾ ഉണ്ടാകാത്തതിൽ പ്രസിഡന്റ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ യുഎസ് അറ്റോർണിമാരെ നേരിട്ട് വിളിച്ച് ട്രംപ് ശാസിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനെത്തുടർന്നാണ് ഇപ്പോൾ അന്വേഷണങ്ങൾ “റീ-എനർജൈസ്” ചെയ്യാൻ പാം ബോണ്ടി ഉത്തരവിട്ടത്.















