ട്രംപും ക്ലിന്റണും ഡയാന രാജകുമാരിയും അടക്കം ലോകത്തെ പ്രമുഖർ! എപ്‌സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട പ്രമുഖരുടെ പട്ടിക അമേരിക്കൻ നീതിന്യായ വകുപ്പ് കോൺഗ്രസിന് കൈമാറി

വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ‘രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളുടെ’ പട്ടിക അമേരിക്കൻ നീതിന്യായ വകുപ്പ് (DOJ) കോൺഗ്രസിന് കൈമാറി. ദശലക്ഷക്കണക്കിന് രേഖകൾ പരിശോധിച്ച ശേഷം തയ്യാറാക്കിയ ആറ് പേജുള്ള ഈ പട്ടികയിൽ ലോകനേതാക്കൾ, പ്രമുഖ ബിസിനസ്സ് വ്യക്തിത്വങ്ങൾ, സാംസ്കാരിക നായകർ എന്നിവരടക്കം നൂറുകണക്കിന് പേരുടെ വിവരങ്ങളുണ്ട്. ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് ഒപ്പിട്ട കത്ത് ശനിയാഴ്ചയാണ് സെനറ്റ്-ഹൗസ് ജുഡീഷ്യറി കമ്മിറ്റികൾക്ക് സമർപ്പിച്ചത്.

കോൺഗ്രസ് പാസാക്കിയ ‘എപ്‌സ്റ്റൈൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട്’ പ്രകാരമാണ് ഈ നടപടി. പട്ടികയിൽ ഉൾപ്പെട്ട പലർക്കും എപ്‌സ്റ്റൈനുമായി നേരിട്ട് ബന്ധമുണ്ടെന്ന് രേഖകൾ വ്യക്തമാക്കുമ്പോൾ, മറ്റു ചിലർ കേവലം വാർത്താ റിപ്പോർട്ടുകളിലോ അനുബന്ധ രേഖകളിലോ മാത്രം പരാമർശിക്കപ്പെട്ടവരാണ്. അമേരിക്കൻ പ്രസിഡന്റുമാരായ ഡോണൾഡ് ട്രംപ്, ബിൽ ക്ലിന്റൺ എന്നിവർക്ക് പുറമെ സ്റ്റീവ് ബാനൻ, ശതകോടീശ്വരൻ ലെസ് വെക്സ്നർ തുടങ്ങിയ പ്രമുഖരുടെ പേരുകളും ഇതിലുണ്ട്. കൂടാതെ അന്തരിച്ച ഡയാന രാജകുമാരി, സംഗീത ഇതിഹാസങ്ങളായ എൽവിസ് പ്രെസ്ലി, മൈക്കൽ ജാക്സൺ എന്നിവരുടെ പേരുകളും ഫയലുകളിൽ പരാമർശിക്കപ്പെടുന്നുണ്ട്.

അതേസമയം, പട്ടികയിൽ പേരുള്ളതുകൊണ്ട് മാത്രം ഇവർ കുറ്റവാളികളാണെന്ന് അർത്ഥമില്ലെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി. പല പേരുകളും എപ്‌സ്റ്റൈനുമായി ബന്ധമില്ലാത്ത പശ്ചാത്തലത്തിലും രേഖകളിൽ കടന്നുകൂടിയിട്ടുണ്ടാകാം. ജെഫ്രി എപ്‌സ്റ്റൈൻ, സഹായി ഗിസ്‌ലെയ്ൻ മാക്സ്വെൽ എന്നിവരല്ലാതെ മറ്റാരും നിലവിൽ ഈ ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നേരിട്ട് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ, ഇത്രയധികം പ്രമുഖരുടെ പേരുകൾ പുറത്തുവന്നത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും അന്വേഷണം വ്യാപിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide