കാലിഫോർണിയയിൽ 68 കോടിയുടെ ആഡംബര സൗധം സ്വന്തമാക്കി കമലാ ഹാരിസ്, പ്രമുഖ ഹോളിവുഡ് താരങ്ങൾ താമസിക്കുന്ന ഇടത്തിൽ ഇനി മുൻ വൈസ് പ്രസിഡൻ്റും

മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസും ഭർത്താവ് ഡഗ് എംഹോഫും കാലിഫോർണിയയിലെ മാലിബുവിൽ 8.15 മില്യൺ ഡോളറിന്റെ (68 കോടി രൂപ) ഒരു മാൻഷൻ വാങ്ങിയതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട്. മാലിബുവിലെ അതിസമ്പന്നമായ ‘പോയിന്റ് ഡ്യൂം’ എന്ന സ്ഥലത്താണ് ഈ വസതി സ്ഥിതി ചെയ്യുന്നത്. തീരപ്രദേശത്തോട് ചേർന്നുള്ള ഈ പ്രദേശം അതീവ സുരക്ഷയുള്ളതും പ്രമുഖ സെലിബ്രിറ്റികൾ താമസിക്കുന്നതുമായ ഒന്നാണ്. പ്രമുഖ ഹോളിവുഡ് താരങ്ങളുടെ വസതി ഇവിടെയുണ്ട്. ജെറാർഡ് ബട്‌ലർ, ഓവൻ വിൽസൺ, ജൂലിയ റോബർട്ട്സ് എന്നിവരുൾപ്പെടെ ഇവിടുത്തെ താമസക്കാരാണ്.

ഏകദേശം 4,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വീട്ടിൽ 4 കിടപ്പുമുറികളും 6 ബാത്ത്റൂമുകളും ഉണ്ട്. ഈ പ്രോപ്പർട്ടി ബീച്ചിൽ നിന്ന് ഏതാനും മീറ്റർ മാത്രം അകലെയാണ്. കടൽതീരത്തിന് തൊട്ടടുത്തായതിനാൽ മിക്ക മുറികളിൽ നിന്നും സമുദ്രത്തിന്റെ മനോഹരമായ കാഴ്ചകൾ കാണാം.

1979-ൽ നിർമ്മിച്ച ഈ വീട് ആധുനിക രീതിയിൽ പുതുക്കിപ്പണിതതാണ്. തടിയിൽ തീർത്ത മേൽക്കൂരകൾ, ഗ്യാസ് ഫയർപ്ലേസ്, ഇൻ-ബിൽറ്റ് സ്പീക്കർ സിസ്റ്റം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ഉയർന്ന വുഡ്-ബീം സീലിംഗുകൾ, സ്കൈലൈറ്റുകൾ, പ്രകൃതിദത്തമായ വെളിച്ചം കടക്കുന്ന വലിയ ഫ്രഞ്ച് വിൻഡോകൾ എന്നിവയാൽ സമ്പന്നമാണ് പ്രധാന ലിവിംഗ് ഏരിയ. ‘ഷെഫ്സ് ഡ്രീം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആധുനിക അടുക്കളയിൽ സ്റ്റോൺ ഐലൻഡും പ്രമുഖ ബ്രാൻഡായ മിയലെയുടെ ഡബിൾ ഓവൻ, ഡിഷ്വാഷർ, ഫ്രിഡ്ജ്-ഫ്രീസർ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നു. വിസ്താരമേറിയ ക്ലോസറ്റും, റെയിൻഫാൾ ഷവർ, ഫ്രീസ്റ്റാൻഡിംഗ് ടബ് എന്നിവയടങ്ങുന്ന സ്പാ മോഡൽ ബാത്ത്റൂമും മാസ്റ്റർ ബെഡ്റൂമിനോടൊപ്പമുണ്ട്. സമുദ്രത്തിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഹോം ഓഫീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വൈസ് പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം കമലയും ഭർത്താവും ലോസ് ഏഞ്ചൽസിലെ തങ്ങളുടെ പഴയ താമസസ്ഥലമായ ബ്രെന്റ്‌വുഡിലായിരുന്നു. പുതിയ പുസ്തകങ്ങളിൽ നിന്നുള്ള വരുമാനവും ഡഗ് എംഹോഫിന്റെ അഭിഭാഷക ജോലിയിൽ നിന്നുള്ള വരുമാനവുമാണ് ഈ ആഡംബര സൌധം സ്വന്തമാക്കുന്നതിന് പിന്നിലെന്നാണ് സൂചനകൾ.

Kamala Harris and her husband bought a house in Malibu for $8.15 million.

More Stories from this section

family-dental
witywide