ആരോപണങ്ങളിൽ പ്രതികരിച്ച് കെ.ബി ഗണേഷ് കുമാർ; വീട്ടിനകത്ത് ശത്രുവുണ്ടായിരുന്നല്ലോ പണ്ടും, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇതൊക്കെ താൻ പ്രതീക്ഷിച്ചത്

കൊട്ടാരക്കര: ആരോപണങ്ങളിൽ പ്രതികരിച്ച് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അലവലാതിത്തരങ്ങൾ വരുമെന്നും ഇതൊക്കെ താൻ പ്രതീക്ഷിച്ചതാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേ മന്ത്രി പ്രതികരിച്ചു. ആരാണ് ഈ ശ്രീലേഖ എന്നായിരുന്നു ഭാര്യയുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ ആർ ശ്രീലേഖ അടക്കമുള്ളവർ ഇടപെട്ടിരുന്നുവെന്ന കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രിയുടെ മറുചോദ്യം. അവരൊക്കെ കുശുമ്പുകൊണ്ട് നടക്കുകയല്ലെ. അവരെ മേയറാക്കാതെ രാജേഷിനെ മേയറാക്കിയതിന് കുശുമ്പുംകൊണ്ട് പിണങ്ങി വീട്ടിലിരിക്കുന്ന ആളാണ് ശ്രീലേഖയെന്നും അദ്ദേഹം പറഞ്ഞു. അവരിങ്ങനെ പറയാൻ കാരണമെന്താണെന്ന് തനിക്ക് അറിയില്ല. അവർ ബിജെപിക്കാരിയാണ്. ഞാൻ എൽഡിഎഫ് കാരനാണ് എന്നും മന്ത്രി മറുപടി നൽകി.

ഭാര്യ 112 വിളിച്ച് പരാതി പറഞ്ഞതിനേപ്പറ്റി ചോദിച്ചപ്പോൾ വട്ട് മൂത്താൽ ആർക്കും അങ്ങനെ പരാതി പറയാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിനെയൊക്കെ ആരോപണങ്ങളായി മാത്രം തള്ളിക്കളയുന്നു. അതിൽ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാനൊരു നല്ല പൊതുപ്രവർത്തകനാണോ, നല്ല എംഎൽഎ ആണോ, പാവങ്ങൾക്കൊപ്പം നിൽക്കുന്നുണ്ടോ അഴിമതി നടത്തുന്നുണ്ടോ വർഗീയത പ്രചരിപ്പിക്കുന്നുണ്ടോ, ഇതൊന്നുമില്ലാത്ത ആളാണ് ഞാൻ. തന്റെ ജീവിതം തുറന്ന പുസ്‌തകമാണെന്നും പിന്നീട് ചോദിച്ചാൽ പ്രണയങ്ങളേപ്പറ്റി വിശദമായി പറഞ്ഞുതരാമെന്നും മന്ത്രി പറഞ്ഞു.

തനിക്ക് ഭൂരിപക്ഷം കൂട്ടാനേ ഇപ്പോഴത്തെ വിവാദങ്ങൾ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വീണ്ടും തനിക്കെതിരെ ആരോപണങ്ങളുയർന്നുവെന്ന് ജനം ചിന്തിക്കും. വൻ ഭൂരിപക്ഷത്തിൽ തന്നെ ഇത്തവണ ജയിക്കുമെന്നും പ്രണയത്തേപ്പറ്റി ചോദിച്ചാൽ, തനിക്ക് നിരവധി പ്രണയമുണ്ടായിരുന്നെന്നും സിനിമയിൽ മാത്രം കണ്ടിരുന്ന ഞാൻ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് തനിക്കെതിരെ നിരവധി ആരോപണം ഉയർന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.

വ്യക്തിപരമായ കാര്യം, വീടിനകത്തുള്ള കാര്യങ്ങൾ മാധ്യമങ്ങളോട് പറയേണ്ടതില്ല എന്ന് ഞാൻ കരുതി. പക്ഷെ നിങ്ങളുടെ അടുത്ത് എനിക്ക് ഒളിച്ചുവയ്ക്കാനൊന്നുമില്ല. പ്രണയം ഒരു കുറ്റമല്ല, ചിലർ ഒളിച്ചുവയ്ക്കുന്നു, ചിലർ പരസ്യമാക്കുന്നു. മഹാത്മാ ഗാന്ധിയെപ്പോലും വെറുതെ വിടുന്നില്ല, പിന്നെ എന്നെ വെറുതെ വിടുമോ? ഏറ്റവുംകൂടുതൽ പ്രണയമുണ്ടായിരുന്ന ആളാണ് ജവഹർലാൽ നെഹ്റു. മാധവിക്കുട്ടി, പുനത്തിൽ കുഞ്ഞബ്‌ദുള്ള, എംടി വാസുദേവൻ നായർ ഇവരൊക്കെ പ്രണയത്തേപ്പറ്റി ഒരുപാട് എഴുതിയിട്ടുണ്ട്. ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മിൽ എന്താണ് ബന്ധം. ഒരാള് മദ്യപിക്കുന്നു, അതയാളുടെ സ്വകാര്യമാണ്. ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടും. വാർത്താസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചാൽ ചിലർ വിശ്വസിക്കും, ചിലർ വിശ്വസിക്കില്ല. പത്തനാപുരത്തുകാർക്ക് 25 കൊല്ലമായിട്ട് എന്നെ അറിയാം. അതുകൊണ്ട് ഞാൻ ഇത്തവണയും ജയിക്കും. മറ്റുള്ളവരേക്കുറിച്ച് അപവാദം പറയുന്നത് ഒരു രോഗമാണെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിലകത്തും ശത്രുവുണ്ടെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ‘എന്നും അങ്ങനെയല്ലേ..’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വീട്ടിനകത്ത് ശത്രുവുണ്ടായിരുന്നല്ലോ പണ്ടും. വീട്ടിനകത്തുനിന്നാണല്ലോ, അല്ലാതെ എന്നെ എന്നാണ് ജനങ്ങൾ എതിർത്തത്? നിർണായക സമയങ്ങളിൽ എനിക്കെതിരെ ആരോപണങ്ങളുയരാറുണ്ട്. മന്ത്രിസ്ഥാനം ലഭിക്കുമെന്നായപ്പോൾ എനിക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു. എന്റെ പേരിൽ ഒരു പെറ്റിക്കേസ് പോലുമില്ല. ആകെയുള്ളത് ഒരു സിവിൽ കേസ് മാത്രമായിരുന്നു. ഞാൻ ആരെയും അവിശ്വസിക്കാറില്ല. എല്ലാവരോടും ഫ്രീയായിട്ട് മാത്രമേ പെരുമാറാറുള്ളു. എന്റെ ഒരു നിഷ്കളങ്കതയുണ്ട്. എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്ന നിഷ്കളങ്കതയുണ്ട്. അതെന്നെ സഹായിക്കും, ഗണേഷ് കുമാർ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിനേപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ അത്രയും അധഃപതനം ഇല്ലാ എന്നാണ് മന്ത്രി പരിഹാസത്തോടെ മറുപടി നൽകിയത്. അദ്ദേഹത്തിന്റെ അധഃപതനത്തേപ്പറ്റി നിങ്ങളാണ് പറഞ്ഞത്, ഞാനല്ല. പറയാൻ യോഗ്യനായ ആളുതന്നെയാണെന്നും രാഹുൽ മാങ്കൂട്ടത്തലിനെ പരിഹസിച്ച് ഗണേഷ്കുമാർ പ്രതികരിച്ചു. അദ്ദേഹം യോഗ്യനാണെന്ന് തെളിയിച്ചു, തെളിയിച്ചുകൊണ്ടിരിക്കുകയാണ് അനുദിനം. ഇനി ആരൊക്കെ വരാൻപോകുന്നുവെന്ന് അറിയില്ല. ഏതായാലും ഞാൻ അദ്ദേഹം ചെയ്തപോലെയുള്ള പണി ചെയ്തെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

KB Ganesh Kumar responds to allegations; There was an enemy in the house in the past, I expected this as the elections approached

More Stories from this section

family-dental
witywide