സംസ്ഥാനത്താകെ 1202 നാമനിർദ്ദേശ പത്രിക സമർപ്പിച്ചു, വ്യാഴാഴ്ച വരെ പിൻവലിക്കാം; ശേഷം പോരാട്ടത്തിന്‍റെ അന്തിമ ചിത്രം തെളിയും

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ 1202 പത്രികകൾ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത് കൊടുവള്ളി മണ്ഡലത്തിലാണ്; 18 പേർ. കോഴിക്കോട് ജില്ലയിൽ മാത്രം ആകെ 223 പേർ പത്രിക നൽകിയിട്ടുണ്ട്. നാളെ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. മാർച്ച് 26 വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ഇതിന് ശേഷമേ ഓരോ മണ്ഡലത്തിലെയും യഥാർത്ഥ മത്സര ചിത്രം വ്യക്തമാകൂ.

പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ ഇന്ന് പ്രമുഖ സ്ഥാനാർത്ഥികളുടെ വലിയ നിര തന്നെ വിവിധ കളക്ടറേറ്റുകളിൽ എത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (പറവൂർ), ജോസ് കെ. മാണി (പാല), മേജർ രവി (ഒറ്റപ്പാലം), പി.കെ. ഫിറോസ് (കൊടുവള്ളി), അഖിൽ മാരാർ (തൃക്കാക്കര), എ.കെ. ശശീന്ദ്രൻ (എലത്തൂർ), പി.വി. അൻവർ (ബേപ്പൂർ) തുടങ്ങിയവർ ഇന്ന് പത്രിക നൽകിയ പ്രമുഖരിൽ ഉൾപ്പെടുന്നു. വിവിധ മണ്ഡലങ്ങളിൽ മുന്നണികൾക്ക് തലവേദനയായി നിൽക്കുന്ന വിമതരെ 26-നകം പിൻവലിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് രാഷ്ട്രീയ നേതൃത്വങ്ങൾ.

സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടർമാരാണ് കേരളത്തിന്റെ ജനവിധി നിശ്ചയിക്കുന്നത്. പത്രിക സമർപ്പണം പൂർത്തിയായതോടെ വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ ശക്തമാകും. ഡമ്മി സ്ഥാനാർത്ഥികളും വിമതരും പത്രിക പിൻവലിക്കുന്നതോടെ പ്രമുഖ മുന്നണികൾ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന്റെ ചിത്രം വരും ദിവസങ്ങളിൽ വ്യക്തമാകും.

Kerala Assembly Election: 1202 nominations filed; final list of candidates to be out on March 26

More Stories from this section

family-dental
witywide