സൗദി അറേബ്യയുടെ തന്ത്രപ്രധാന എണ്ണ പൈപ്പ്‌ലൈനിന് നേരെ ഡ്രോൺ ആക്രമണം; ഹോർമുസ് കടലിടുക്കിന് പകരമുള്ള ചരക്കുനീക്കം പ്രതിസന്ധിയിൽ

റിയാദ്: ഹോർമുസ് കടലിടുക്കിനെ ഒഴിവാക്കി ചെങ്കടൽ വഴി എണ്ണ വിതരണം നടത്തുന്ന സൗദി അറേബ്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് നേരെ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെ പൈപ്പ്‌ലൈനിലെ ഒരു പമ്പിംഗ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 1,200 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പൈപ്പ്‌ലൈൻ സൗദിയുടെ എണ്ണ കയറ്റുമതിയിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്.

സൗദി അറേബ്യൻ എണ്ണക്കമ്പനിയായ അരാംകോയുടെ ഉടമസ്ഥതയിലുള്ള ഈ പൈപ്പ്‌ലൈനിലൂടെയുള്ള എണ്ണ വിതരണത്തെ ആക്രമണം ബാധിച്ചേക്കുമെന്ന് സൂചനയുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ബ്ലൂംബെർഗ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ആക്രമണത്തിൽ പൈപ്പ്‌ലൈനിന് എത്രത്തോളം നാശനഷ്ടങ്ങൾ സംഭവിച്ചു എന്നതിനെക്കുറിച്ച് നിലവിൽ വിലയിരുത്തലുകൾ നടക്കുകയാണ്. ബുധനാഴ്ച രാവിലെ ഒൻപത് ഡ്രോണുകൾ തങ്ങൾ വെടിവെച്ചിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും അവ എവിടെയാണ് തകർത്തതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഇറാനുമായുള്ള സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം തടസ്സപ്പെട്ട സാഹചര്യത്തിൽ സൗദി അറേബ്യ ആശ്രയിക്കുന്ന പ്രധാന ബദൽ മാർഗമാണ് ഈ പൈപ്പ്‌ലൈൻ. കിഴക്കൻ ഗൾഫ് തീരത്തെ അബ്ഖൈഖ് എണ്ണപ്പാടത്തെ ചെങ്കടലിലെ യാൻബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഈ പാത വഴി പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണയാണ് നിലവിൽ കയറ്റുമതി ചെയ്യുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതിന് ശേഷം പൂർണ്ണ ശേഷിയിലാണ് ഈ പൈപ്പ്‌ലൈൻ പ്രവർത്തിച്ചിരുന്നത്.

ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം കാരണം സൗദിയുടെ ചെങ്കടൽ തുറമുഖങ്ങളിലൂടെയുള്ള ഗതാഗതം അടുത്തിടെ 50 ശതമാനത്തോളം വർദ്ധിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന് ജിദ്ദ തുറമുഖം ഉൾപ്പെടെയുള്ളവയെയാണ് ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ തന്ത്രപ്രധാനമായ പൈപ്പ്‌ലൈനിന് നേരെയുണ്ടായ ആക്രമണം ആഗോള എണ്ണ വിപണിയിലും മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അരാംകോയുടെ ഔദ്യോഗിക പ്രതികരണത്തിന് കാത്തിരിക്കുകയാണ് ലോകം.

More Stories from this section

family-dental
witywide