
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ, ഇറാന് നേരെ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങളിൽ സുതാര്യത ആവശ്യപ്പെട്ട് യുഎസ് സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റി രംഗത്ത്. യുദ്ധത്തിന്റെ ഗതിയും സൈനിക ലക്ഷ്യങ്ങളും പരിശോധിക്കുന്നതിനായി പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഉടൻ തന്നെ പരസ്യമായ മേൽനോട്ട ഹിയറിംഗ് നടത്താൻ കമ്മിറ്റി ചെയർമാൻ റോജർ വിക്കർ തീരുമാനിച്ചു. ഇതാദ്യമായാണ് നിലവിലെ യുദ്ധസാഹചര്യത്തിൽ ഇത്തരമൊരു പരസ്യമായ തെളിവെടുപ്പിന് വഴിതുറക്കുന്നത്.
യുദ്ധം എപ്പോൾ അവസാനിക്കും എന്നതിനെക്കുറിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്പരവിരുദ്ധമായ പ്രസ്താവനകൾ തുടരുന്ന പശ്ചാത്തലത്തിലാണ് സെനറ്റിന്റെ ഈ നീക്കം. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ എന്നിവർ ഹിയറിംഗിൽ ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം വിക്കർ പുറത്തുവിട്ടിട്ടില്ല. യുദ്ധത്തിനായി കോടിക്കണക്കിന് ഡോളർ അടിയന്തരമായി അനുവദിക്കണമെന്ന ഭരണകൂടത്തിന്റെ ആവശ്യത്തിന്മേൽ, കൃത്യമായ വിശദീകരണം ലഭിക്കാതെ വോട്ട് ചെയ്യില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം സെനറ്റർമാർ.
യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ നേരിട്ട് വ്യക്തമാക്കുന്ന തരത്തിലുള്ള പരസ്യമായ തെളിവെടുപ്പ് വേണമെന്ന ആവശ്യം ഡെമോക്രാറ്റുകൾക്ക് പുറമെ ലിസ മുർകോവ്സ്കി തുടങ്ങിയ റിപ്പബ്ലിക്കൻ സെനറ്റർമാരും ഉയർത്തിയിട്ടുണ്ട്. നിലവിൽ രഹസ്യ യോഗങ്ങൾ മാത്രമാണ് കോൺഗ്രസിൽ നടക്കുന്നത്. എന്നാൽ സൈനികരുടെ സുരക്ഷയും ആഗോള എണ്ണവിപണിയിലെ പ്രതിസന്ധിയും കണക്കിലെടുത്ത്, ഭരണകൂടം എന്ത് ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത് എന്ന് ജനങ്ങളെ അറിയിക്കാൻ ഹിയറിംഗ് അത്യാവശ്യമാണെന്ന് വിക്കർ സൂചിപ്പിച്ചു.














