
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ ഇറാനെതിരെ പൂർണ്ണ തോതിലുള്ള സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ജനീവയിലെ നയതന്ത്ര ചർച്ചകളിൽ യാതൊരു പുരോഗതിയും ഉണ്ടാകാത്തതിൽ പ്രസിഡന്റ് അതീവ അതൃപ്തനാണെന്നും, അടുത്ത ആഴ്ചകളിൽ തന്നെ ഇറാനെതിരെ ‘കൈനറ്റിക് ആക്ഷൻ’ (സൈനിക നീക്കം) നടപ്പാക്കാനിടയുണ്ടെന്നും ട്രംപിന്റെ ഒരു ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ‘ആക്സിയോസ്’ (Axios) റിപ്പോർട്ട് ചെയ്യുന്നു. ഇത് വെറും ഒറ്റപ്പെട്ട മിന്നൽ ആക്രമണമായിരിക്കില്ല, ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വൻതോതിലുള്ള സൈനിക ക്യാമ്പെയ്നാകുമെന്നാണ് സൂചന.
ഇറാനുമായുള്ള ആണവ കരാറിൽ അന്തിമ തീരുമാനമെടുക്കാൻ അമേരിക്ക രണ്ട് ആഴ്ചത്തെ അവസാന തീയതി നൽകിയിട്ടുണ്ട്. എന്നാൽ ഈ ചർച്ചകൾ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇതിനിടയിൽ ഇറാൻ അതിർത്തിക്ക് സമീപം അമേരിക്ക വൻതോതിലുള്ള സൈനിക വിന്യാസം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എഫ്-35, എഫ്-22, എഫ്-16 തുടങ്ങിയവ ഉൾപ്പെടെ 50-ലധികം യുദ്ധവിമാനങ്ങൾ പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങളിലെത്തിയിട്ടുണ്ട്. കൂടാതെ, യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ രണ്ട് വൻ വിമാനവാഹിനി കപ്പലുകളും മേഖലയിൽ യുദ്ധസജ്ജമായി നിൽക്കുന്നു.
ഇറാൻ ഭരണകൂടത്തിന്റെ നിലനിൽപ്പിനെ തന്നെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഒരു സംയുക്ത സൈനിക നടപടിക്ക് ഇസ്രായേലും തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സേനകൾ യുദ്ധസന്നാഹത്തിലാണെങ്കിലും, ഇറാൻ തങ്ങളുടെ ‘വജ്രായുധം’ എന്നറിയപ്പെടുന്ന ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ച് സൈനികാഭ്യാസം നടത്തിത്തുടങ്ങിയിട്ടുണ്ട്. ഇത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക വർധിച്ചുവരികയാണ്. നയതന്ത്രശ്രമങ്ങൾ പരാജയപ്പെട്ടെന്ന് ട്രംപ് പ്രഖ്യാപിച്ചാൽ, ഏത് നിമിഷവും ഗൾഫ് മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുണ്ട്.















