എപ്‌സ്റ്റീന് രഹസ്യരേഖകൾ കൈമാറി? ആൻഡ്രൂ രാജകുമാരനെതിരെ പൊലീസ് അന്വേഷണം; പിന്തുണയുമായി ചാൾസ് രാജാവ്!

ലണ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ ഫയലുകൾ ബ്രിട്ടീഷ് രാജകുടുംബത്തിൽ വീണ്ടും പ്രകമ്പനം സൃഷ്ടിക്കുന്നു. ബ്രിട്ടന്‍റെ വ്യാപാര പ്രതിനിധിയായിരുന്ന കാലത്ത് ആൻഡ്രൂ മൗണ്ട് ബാറ്റൺ-വിൻസർ (ആൻഡ്രൂ രാജകുമാരൻ) അതീവ രഹസ്യസ്വഭാവമുള്ള രേഖകൾ എപ്‌സ്റ്റീന് കൈമാറിയെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളിലാണ് 2010-ൽ നടന്നുവെന്ന് പറയപ്പെടുന്ന ഈ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.

ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, രാജവാഴ്ചാ വിരുദ്ധ ഗ്രൂപ്പായ ‘റിപ്പബ്ലിക്’ ആൻഡ്രൂവിനെതിരെ പോലീസിൽ പരാതി നൽകി. പൊതുപദവി ദുരുപയോഗം ചെയ്തു, ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ചതായും ഇത് സംബന്ധിച്ച വിവരങ്ങൾ തങ്ങളുടെ നടപടിക്രമങ്ങൾ അനുസരിച്ച് പരിശോധിച്ചു വരികയാണെന്നും തെയിംസ് വാലി പോലീസ് സ്ഥിരീകരിച്ചു.

അതേസമയം, സഹോദരനായ ആൻഡ്രൂവിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ ചാൾസ് രാജാവ് ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളിൽ രാജാവ് അതീവ ആശങ്കാകുലനാണെന്ന് ബക്കിംഗ്ഹാം കൊട്ടാരം വക്താവ് അറിയിച്ചു. ആൻഡ്രൂവിനെതിരെയുള്ള അന്വേഷണത്തിൽ പോലീസ് സഹായം തേടിയാൽ പൂർണ്ണമായി സഹകരിക്കാൻ രാജാവ് തയ്യാറാണെന്നും കൊട്ടാരം വ്യക്തമാക്കി. ആൻഡ്രൂ രാജകുമാരൻ മുൻപ് എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നുവെങ്കിലും പുതിയ തെളിവുകളെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജകുടുംബത്തിൽ നിന്ന് നേരത്തെ തന്നെ ആൻഡ്രൂവിനെ മാറ്റിനിർത്തിയിട്ടുണ്ടെങ്കിലും, ഈ പുതിയ അന്വേഷണം കൊട്ടാരത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

More Stories from this section

family-dental
witywide