
മോസ്കോ: റഷ്യയും അമേരിക്കയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാർ വ്യാഴാഴ്ച അവസാനിച്ച പശ്ചാത്തലത്തിൽ, വിഷയത്തിൽ അടിയന്തരമായി ചർച്ചകൾ തുടങ്ങേണ്ടതുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്. അബുദാബിയിൽ നടന്ന ചർച്ചകൾ നിർമ്മാണാത്മകവും എന്നാൽ വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു എന്നും അദ്ദേഹം വിശേഷിപ്പിച്ചു. കരാർ അനൗദ്യോഗികമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും, വേണമെങ്കിൽ വ്യവസ്ഥകൾ ഔദ്യോഗികമായി തന്നെ നീട്ടാമെന്നും പെസ്കോവ് വ്യക്തമാക്കി. എങ്കിലും ഇരുരാജ്യങ്ങളും ഉത്തരവാദിത്തപ്പെട്ട നിലപാടുകൾ സ്വീകരിക്കണമെന്ന ധാരണയിൽ എത്തിയിട്ടുണ്ട്.
പഴയ കരാർ നീട്ടുന്നതിനോട് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താൽപ്പര്യപ്പെടുന്നില്ല. “വളരെ മോശമായി ചർച്ച ചെയ്ത് ഉണ്ടാക്കിയ കരാറാണ് ന്യൂ സ്റ്റാർട്ട്” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഭാവിയിലേക്ക് അനുയോജ്യമായ ആധുനികവും പരിഷ്കരിച്ചതുമായ ഒരു പുതിയ കരാറാണ് വേണ്ടതെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ലോകത്തെ ഏറ്റവും വലിയ രണ്ട് ആണവശക്തികൾ തമ്മിലുള്ള ഈ കരാർ അവസാനിച്ചത് ആഗോളതലത്തിൽ ഒരു പുതിയ ‘ആണവായുധ മത്സരത്തിന്’ കാരണമാകുമോ എന്ന ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. അമേരിക്കയുടെയും റഷ്യയുടെയും ആണവ വിദഗ്ധർ വൈകാതെ പുതിയൊരു കരാറിനായി ചർച്ചകൾ തുടങ്ങിയേക്കുമെന്നാണ് ക്രെംലിൻ നൽകുന്ന സൂചന.















