
ജിജി സ്കറിയ (ഡാളസ്)
ഡാളസ്: കോട്ടയം കല്ലറ സ്വദേശിയായ അമൽ ഡാളസിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നു. 2019-ൽ അമേരിക്കയിലെത്തിയ അമൽ, ഇർവിംഗിലെയും ഡാളസിലെയും ‘സ്വദേശി പ്ലാസ’യിൽ പേസ്ട്രി ഷെഫായി ജോലി ചെയ്തുവരികയായിരുന്നു. കഠിനാധ്വാനത്തിലൂടെ കുടുംബത്തെ കരകയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് വിധി രോഗത്തിൻ്റെ രൂപത്തിൽ അമലിനെ വേട്ടയാടിയത്.
മാർച്ച് അവസാന വാരത്തിൽ പെട്ടെന്നുണ്ടായ ശ്വാസതടസ്സത്തെയും തളർച്ചയെയും തുടർന്ന് അമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന് ഗുരുതരമായ തകരാർ സംഭവിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ ഐ.സി.യുവിൽ വെന്റിലേറ്ററിലേക്ക് മാറ്റി. പരിശോധനയ്ക്കിടെ അമലിന് AML ലുക്കീമിയ (രക്തക്യാൻസർ) ബാധിച്ചതായും കണ്ടെത്തി. നിലവിൽ ശ്വാസകോശത്തിൻ്റെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി എക്മോ ചികിത്സ നൽകിവരികയാണ്.
നാട്ടിലുള്ള അമലിൻ്റെ ഭാര്യയും ഏഴു വയസ്സുകാരിയായ മകളും പ്രിയപ്പെട്ടവരും ഈ വാർത്തയറിഞ്ഞതിൻ്റെ നടുക്കത്തിലാണ്. കഠിനാധ്വാനിയായ അമൽ ജീവിതത്തിലേക്ക് തിരികെ വരാനായി പോരാടിക്കൊണ്ടിരിക്കുകയാണ്.
അമലിൻ്റെ ചികിത്സയ്ക്കും കുടുംബത്തിന് താങ്ങാകുന്നതിനുമായി ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. നിങ്ങൾ നൽകുന്ന ചെറിയൊരു തുക പോലും ഈ പ്രതിസന്ധി ഘട്ടത്തിൽ വലിയൊരു സഹായമായിരിക്കും. അമലിൻ്റെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി ഈ ബുദ്ധിമുട്ടേറിയ സമയത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിനൊപ്പം നിൽക്കാൻ സുമനസുകളുടെ സഹായം ഏറ്റവും നിർണായകമാണ്.
Let’s join hands to save the life of Amal, who is suffering from blood cancer.















