
കേരളത്തിന്റെ പുരോഗതിക്കും വികസനത്തുടർച്ചയ്ക്കും നിലവിലെ ഭരണസംവിധാനം തുടരേണ്ടത് അത്യാവശ്യമാണെന്ന് പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ. ദുബായിൽ നടന്ന ‘ഓർമ’ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (OLF) മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഈ മാറ്റങ്ങൾ പൂർണ്ണതയിലെത്താൻ ഭരണത്തുടർച്ച അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ യുവതലമുറ കാണിക്കുന്ന ജാഗ്രതയുടെ അടയാളമാണ് ഓർമയുടെ സാഹിത്യോത്സവമെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികൾ കേരളത്തിന്റെ വികസനത്തിനായി ഒത്തുചേരേണ്ടതുണ്ട്. കേരളീയർ സ്വപ്നം കാണുന്ന ‘നവകേരള’ സൃഷ്ടിക്ക് ജനപങ്കാളിത്തം പ്രധാനമാണെന്നും മുകുന്ദൻ ഓർമ്മിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികൾ ഇത്തരം സാംസ്‌കാരിക കൂട്ടായ്മകളിലൂടെ നാടിന്റെ തനിമ നിലനിർത്തുന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് ഖൈസൈസിലെ ഹാംപ്ടൺ ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ്, സംഘാടക സമിതി കൺവീനർ പ്രദീപ് തൊപ്പിൽ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വിവിധ സാഹിത്യ-സാംസ്കാരിക സെഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
M Mukundan Stresses Importance of Continuity for Kerala’s Progress at Orma Lit Fest in Dubai














