യൂറോപ്യൻ യൂണിയൻ സാമ്പത്തികമായും സൈനികമായും മറ്റുള്ളവരെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. മാറിക്കൊണ്ടിരിക്കുന്ന ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ യൂറോപ്പ് ഒരു സ്വതന്ത്ര ശക്തിയായി മാറേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് യൂറോപ്പ് വിരുദ്ധനാണെന്നും വിശ്വസിക്കാൻ പറ്റില്ലെന്നും മക്രോൺ അഭിപ്രായപ്പെട്ടു. അമേരിക്കയോടും ചൈനയോടും മത്സരിക്കാൻ കെൽപ്പുള്ള രീതിയിൽ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും തങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾക്കായി മറ്റാരെയും കാത്തുനിൽക്കരുതെന്നും മാക്രോൺ വ്യക്തമാക്കി.
നിലവിലെ സാമ്പത്തിക നയങ്ങളിൽ കാതലായ മാറ്റം വരുത്താതെ യൂറോപ്പിന് മുന്നോട്ട് പോകാനാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര വ്യാപാരത്തിലും സാങ്കേതിക വിദ്യയിലും യൂറോപ്പിന്റെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ഇത് പരിഹരിക്കാൻ വലിയ തോതിലുള്ള നിക്ഷേപങ്ങൾ ആവശ്യമാണെന്നും മാക്രോൺ ചൂണ്ടിക്കാട്ടി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഊർജ്ജ സുരക്ഷയ്ക്കും പ്രതിരോധത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂറോപ്പിന്റെ ഭാവി സ്വന്തം കൈകളിലാണെന്നും ഒരു മൂന്നാം ശക്തിയായി ഉയർന്നു വരാനുള്ള സമയമാണിതെന്നും മാക്രോൺ ബെർലിനിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. വൻശക്തി രാജ്യങ്ങളുടെ ഇടയിൽ പെട്ടുപോകാതെ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ യൂറോപ്പിന് കഴിയണം. ഇതിനായി അംഗരാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഓർമ്മിപ്പിച്ചു.
Macron Urges EU to Become Global Power and Achieve Financial Independence














