
കാർക്കാസ്: അമേരിക്കയുടെ കടുത്ത സാമ്പത്തിക ഉപരോധങ്ങൾക്കും സൈനിക സമ്മർദ്ദങ്ങൾക്കും ഇടയിൽ വിട്ടുവീഴ്ചയുടെ പാത സ്വീകരിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ. ലഹരിക്കടത്ത് തടയുന്നതിനായി അമേരിക്കയുമായി ഏത് തരത്തിലുള്ള ചർച്ചകൾക്കും രാജ്യം തയ്യാറാണെന്ന് മഡുറോ വ്യക്തമാക്കി. ലഹരിക്കടത്ത്, എണ്ണ മേഖലയിലെ നിക്ഷേപം, കുടിയേറ്റം എന്നീ വിഷയങ്ങളിൽ എവിടെ വെച്ചും എപ്പോൾ വേണമെങ്കിലും ചർച്ചയാകാമെന്നാണ് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ഇരുരാജ്യങ്ങളും വസ്തുതകൾ നിരത്തി ഗൗരവകരമായ ചർച്ചകൾക്ക് തുടക്കം കുറിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ഭരണകൂടത്തെ താഴെയിറക്കാനും വെനസ്വേലയുടെ എണ്ണ സമ്പത്ത് കൈക്കലാക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്ന പഴയ ആരോപണങ്ങൾ ആവർത്തിക്കുമ്പോഴും, അമേരിക്കൻ നിക്ഷേപങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. അമേരിക്കയ്ക്ക് എണ്ണ വേണമെങ്കിൽ ഷെവ്‌റോൺ പോലുള്ള വൻകിട കമ്പനികളുടെ നിക്ഷേപം വെനസ്വേലയിൽ നടത്താൻ സൗകര്യമുണ്ടെന്ന് മഡുറോ ഓർമ്മിപ്പിച്ചു. ഇതിന് മുന്നോടിയായി, 2024-ലെ വിവാദ തിരഞ്ഞെടുപ്പിനെതിരെ പ്രതിഷേധിച്ചതിന് തടവിലാക്കപ്പെട്ട എൺപതിലധികം പേരെ മഡുറോ സർക്കാർ മോചിപ്പിച്ചു. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
അതേസമയം, കഴിഞ്ഞ ആഴ്ച വെനസ്വേലയിലെ ഡോക്കിംഗ് മേഖലയിൽ സി.ഐ.എ നടത്തിയതായി പറയപ്പെടുന്ന വ്യോമാക്രമണത്തെക്കുറിച്ച് മഡുറോ മൗനം പാലിച്ചു. ലഹരിക്കടത്ത് ബോട്ടുകൾ തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ഈ ഡ്രോൺ ആക്രമണം വെനസ്വേലൻ മണ്ണിലെ ആദ്യത്തെ നേരിട്ടുള്ള സൈനിക ഇടപെടലായാണ് കണക്കാക്കപ്പെടുന്നത്. ഇതിനെക്കുറിച്ച് വരും ദിവസങ്ങളിൽ പ്രതികരിക്കാമെന്ന് മഡുറോ പറഞ്ഞുവെങ്കിലും നിലവിൽ അമേരിക്കയുമായുള്ള തുറന്ന പോരിനേക്കാൾ നയതന്ത്ര ചർച്ചകൾക്കാണ് അദ്ദേഹം മുൻഗണന നൽകുന്നത്. ട്രംപ് ഭരണകൂടം നടത്തുന്ന സമ്മർദ്ദ തന്ത്രങ്ങൾക്കിടയിൽ വെനസ്വേലയുടെ ഈ അയഞ്ഞ സമീപനം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.















