
ന്യൂയോർക്ക്: എച്ച്- 1ബി വിസ ഉടമകൾ, ആശ്രിതർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദേശികൾ സമർപ്പിക്കേണ്ട രണ്ട് പ്രധാന അപേക്ഷാ ഫോമുകൾ പരിഷ്കരിച്ച് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്. വരുന്ന സെപ്റ്റംബർ 15 മുതൽ പുതിയ പതിപ്പിലുള്ള ഫോമുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും പഴയ ഫോമുകൾ കർശനമായി നിരസിക്കുമെന്നും അധികൃതർ അറിയിച്ചു. വിസ കാലാവധി നീട്ടുന്നതിനും വിസ സ്റ്റാറ്റസ് മാറ്റുന്നതിനും ഉപയോഗിക്കുന്ന ഫോം I-539, തൊഴിൽ അനുമതി പത്രത്തിനായി സമർപ്പിക്കേണ്ട ഫോം I-765 എന്നിവയാണ് പരിഷ്കരിച്ചത്.
വിദേശ വിദ്യാർത്ഥികൾ, എക്സ്ചേഞ്ച് സന്ദർശകർ, വിദേശ മാധ്യമ പ്രതിനിധികൾ എന്നിവരുടെ യു.എസിലെ താമസ കാലാവധിയുമായി ബന്ധപ്പെട്ട് അടുത്തിടെ കൊണ്ടുവന്ന പുതിയ നിയമങ്ങൾ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായാണ് ഫോമുകളിലെ ഈ അഴിച്ചുപണി. ഇരു ഫോമുകളുടെയും പുതിയ പതിപ്പുകൾ സെപ്റ്റംബർ 15-ഓടെ യു.എസ്.സി.ഐ.എസ് പ്രസിദ്ധീകരിക്കും.
ഇളവുകൾ ഉണ്ടാകില്ല; തീയതികളിൽ ശ്രദ്ധിക്കുക
പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നതിന് ഗ്രേസ് പിരീഡ് അനുവദിക്കില്ലെന്ന് യു.എസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷകർക്ക് മുൻകൂട്ടി മനസ്സിലാക്കുന്നതിനായി പുതിയ ഫോമുകളുടെ മാതൃകയും നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഇവ സെപ്റ്റംബർ 15-ന് മുൻപായി സമർപ്പിക്കാൻ പാടുള്ളതല്ല.
അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
- സെപ്റ്റംബർ 15-ന് മുൻപ്: ഫോം I-539-ന്റെ നിലവിലെ പതിപ്പും (08/28/24), ഫോം I-765-ന്റെ നിലവിലെ പതിപ്പും (08/21/25) ഓൺലൈനായോ പോസ്റ്റ് വഴിയോ സമർപ്പിച്ചാൽ സ്വീകരിക്കും.
- സെപ്റ്റംബർ 15 മുതലും അതിനുശേഷവും: പഴയ പതിപ്പിലുള്ള ഫോമുകൾ പൂർണ്ണമായും നിരസിക്കും. ഈ തീയതി മുതൽ പുതിയ പതിപ്പുകൾ (09/15/26) മാത്രമേ സ്വീകരിക്കുകയുള്ളൂ.
ആരെയൊക്കെ ബാധിക്കും?
അമേരിക്കയിൽ തങ്ങുന്ന നോൺ-ഇമിഗ്രൻ്റ് വിസക്കാരുടെ കാലാവധി നീട്ടാനും വിസ മാറ്റാനുമാണ് ഫോം I-539 ഉപയോഗിക്കുന്നത്. എച്ച്- വൺബി വിസക്കാരുടെ ആശ്രിതരായ പങ്കാളികൾക്കും കുട്ടികൾക്കും (എച്ച്-4 വിസയുള്ളവർ) ഈ മാറ്റം ബാധകമാണ്.
അമേരിക്കയിൽ ജോലി ചെയ്യാനുള്ള വർക്ക് പെർമിറ്റിനായി അപേക്ഷിക്കുന്നവരാണ് ഫോം I-765 ഉപയോഗിക്കേണ്ടത്. യോഗ്യതയുള്ള എച്ച്-4 വിസ ഉടമകൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബാധകമായിരിക്കും. എന്നാൽ എച്ച്- വ1ബി വിസയുള്ള പ്രധാന ജീവനക്കാരുടെ വിസ നീട്ടുന്നതിനായി തൊഴിലുടമകൾ സമർപ്പിക്കുന്ന ഫോം I-129-ൽ നിലവിൽ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
Major change in US visa rules; Only new application forms will be accepted from September 15, old ones will be rejected














