മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടി; ഖമേനിയെ ടെഹ്റാനിൽ നിന്ന് മാറ്റി, ഇറാന്‍റെ പ്രത്യാക്രമണം പ്രതീക്ഷിച്ച് ഇസ്രയേൽ

ടെഹ്‌റാൻ: ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാനിൽ ഇസ്രയേലും അമേരിക്കയും ചേർന്നുള്ള സംയുക്ത ആക്രമണം മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടി. ഇസ്രയേൽ ഒറ്റയ്ക്കല്ല, അമേരിക്കയും പങ്കുചേർന്നുള്ള ആക്രമണമാണെന്ന് അമേരിക്ക തന്നെ സ്ഥിരീകരിച്ചു. ഇറാന്റെ ഭീഷണികൾ പൂർണമായി ഇല്ലാതാക്കാൻ നടത്തിയ ‘മുൻകരുതൽ ആക്രമണം’ ആണെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഇതിനെ വിശേഷിപ്പിച്ചത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപത്താണ് സ്ഫോടനങ്ങൾ ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ ഖമനെയിയെ മുൻകൂട്ടി ടെഹ്‌റാനിൽ നിന്ന് മാറ്റിയിരുന്നുവെന്നും അദ്ദേഹം സുരക്ഷിതമായ മറ്റൊരു സ്ഥലത്താണ് ഉള്ളതെന്നുമാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ടെഹ്‌റാനിൽ കുറഞ്ഞത് നാല് തവണ സ്ഫോടന ശബ്‍ദങ്ങൾ കേട്ടതായി മാധ്യമപ്രവർത്തകർ ഉറപ്പിച്ചു. ഇറാനിൽ നിന്നുള്ള സാധ്യമായ പ്രത്യാക്രമണം മുന്നിൽ കണ്ട് ഇസ്രയേലിലെമ്പാടും സൈറണുകൾ മുഴങ്ങുകയും ജനങ്ങളോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും നിർദേശിച്ചു. നിലവിൽ മിസൈൽ ആക്രമണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായി ഹോം ഫ്രണ്ട് കമാൻഡ് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുയോഗങ്ങൾ, അനാവശ്യ തൊഴിൽ സ്ഥലങ്ങൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സാഹചര്യം പരിശോധിച്ച് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ബങ്കറുകൾക്ക് സമീപം തന്നെ തുടരാനും സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇസ്രയേലിലെ എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങൾക്ക് അടുത്ത് തന്നെ തുടരണമെന്ന് ഐ.ഡി.എഫ് മുന്നറിയിപ്പ് നൽകി. “ഇസ്രയേലിനെ ലക്ഷ്യമാക്കി മിസൈലുകൾ വരാനുള്ള സാധ്യത മുൻകൂട്ടി കണ്ട് പൊതുജനങ്ങളെ തയ്യാറാക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണിത്” എന്ന് സൈന്യം വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide