അമേരിക്കക്കാർ ഒന്നടങ്കം എതിർപ്പിൽ? ട്രംപ് ഭരണകൂട നടപടികളിൽ അതൃപ്തി വ്യക്തം; ഐസ് നടപടികൾ അമിത ബലപ്രയോഗം; സർവേ ഫലം

വാഷിംഗ്ടൺ: മിനിയാപൊളിസിൽ റെനി നിക്കോൾ ഗുഡ് കൊല്ലപ്പെട്ടതിനെത്തുടർന്ന് അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഏജൻസിക്കെതിരെ പൊതുജനരോഷം ശക്തമാകുന്നു. പുതിയ അഭിപ്രായ സർവേകൾ പ്രകാരം ഭൂരിഭാഗം അമേരിക്കക്കാരും ഐസിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തരാണ്. റെനി ഗുഡിനെ വെടിവെച്ചുകൊന്ന ജനുവരി ഏഴിന് നടത്തിയ സർവേയിലാണ് ഏജൻസിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി കണ്ടെത്തിയത്. ‘യൂഗവ്’ (YouGov) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഐസിന്റെ പ്രവർത്തനരീതികളോട് ഭൂരിപക്ഷം ജനങ്ങളും വിയോജിക്കുന്നു.

സർവേയിൽ പങ്കെടുത്തവരിൽ 52 ശതമാനം പേരും ഐസ് തങ്ങളുടെ ജോലി ചെയ്യുന്ന രീതിയെ എതിർത്തു. ഇതിൽ 40% പേർ ഐസിന്റെ നടപടികളെ ശക്തമായി എതിർക്കുന്നു എന്ന് വ്യക്തമാക്കി. ഐസ് നിലവിൽ സ്വീകരിക്കുന്ന തന്ത്രങ്ങൾ അമിത ബലപ്രയോഗം ആണെന്ന് 51 ശതമാനം പേർ അഭിപ്രായപ്പെട്ടു. 2,686 മുതിർന്ന പൗരന്മാരിലാണ് ഈ സർവേ നടത്തിയത്. 2025 ഫെബ്രുവരിയിൽ ട്രംപ് അധികാരമേറ്റ സമയത്ത് ഐസിന് 16 പോയിന്റ് പോസിറ്റീവ് റേറ്റിംഗ് ഉണ്ടായിരുന്നു. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇത് വലിയ തോതിൽ താഴേക്ക് പോയി.

റെനി ഗുഡിനെ വെടിവെച്ചത് സ്വയംരക്ഷയ്ക്ക് വേണ്ടിയാണെന്ന് ഭരണകൂടം വാദിക്കുമ്പോഴും, ‘ന്യൂയോർക്ക് ടൈംസ്’ നടത്തിയ വീഡിയോ വിശകലനത്തിൽ റെനിയുടെ വാഹനം ഉദ്യോഗസ്ഥനിൽ നിന്ന് അകന്നുമാറാൻ ശ്രമിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. ഇത് പ്രതിഷേധക്കാർക്ക് കൂടുതൽ കരുത്ത് പകർന്നു. മിനിയാപൊളിസിലെ കൊലപാതകവും പോർട്ട്‌ലൻഡിൽ രണ്ട് പേർക്ക് പരിക്കേറ്റതും ചേർന്ന് ജനുവരി 10 മുതൽ അമേരിക്കയിലുടനീളം വൻ പ്രതിഷേധങ്ങൾക്കാണ് വഴിതെളിച്ചത്.

Also Read

More Stories from this section

family-dental
witywide