ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു; ദർശനപുണ്യം നേടി പതിനായിരങ്ങൾ

ഭക്തലക്ഷങ്ങൾ കാത്തിരുന്ന മകരജ്യോതി പൊന്നമ്പലമേട്ടിൽ തെളിഞ്ഞു. ശബരിമലയെ അക്ഷരാർത്ഥത്തിൽ ഭക്തിസാന്ദ്രമാക്കി മൂന്ന് തവണയാണ് ജ്യോതി പ്രത്യക്ഷപ്പെട്ടത്. ഈ പുണ്യനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് മണിക്കൂറുകളോളം കാത്തുനിന്നിരുന്നത്. ഓരോ പറണശാലകളിലും ശരണംവിളികളാൽ മുഖരിതമായ അന്തരീക്ഷമായിരുന്നു ദൃശ്യമായത്.

മകരവിളക്ക് പൂജകൾക്കായി പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20-ഓടെ സന്നിധാനത്തെത്തി. ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിരുവാഭരണ പേടകത്തെ ആചാരപൂർവ്വം സ്വീകരിച്ചു. തുടർന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്ന് പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി.

വൈകിട്ട് 6.40-ന് തിരുവാഭരണങ്ങൾ ചാർത്തിയുള്ള മഹാദീപാരാധന നടന്നു. ദീപാരാധനയ്ക്ക് പിന്നാലെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ സന്നിധാനം ശരണംവിളികളാൽ പ്രകമ്പനം കൊണ്ടു. മകരസംക്രമ പൂജയും മകരവിളക്ക് ദർശനവും പൂർത്തിയായതോടെ ഭക്തർ ദർശന സായൂജ്യം നേടി മടങ്ങിത്തുടങ്ങി. മുൻദിവസങ്ങളിൽ എത്തിയവരും ഈ പുണ്യനിമിഷത്തിനായി മലമുകളിൽ തുടരുകയായിരുന്നു.

More Stories from this section

family-dental
witywide