
മ്യൂണിക്ക്: ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരെയും ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ജർമ്മനിയിലെ മ്യൂണിക്കിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത വിപുലമായ പ്രതിഷേധ പ്രകടനം നടന്നു. മ്യൂണിക്ക് സുരക്ഷാ കോൺഫറൻസ് നടക്കുന്ന വേദിക്കരികെ ശനിയാഴ്ച നടന്ന റാലിയിൽ ഏകദേശം രണ്ടര ലക്ഷത്തോളം പേർ അണിനിരന്നതായാണ് പോലീസ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രവാസിയായ മുൻ ഇറാൻ രാജകുമാരൻ റെസ പഹ്‌ലവിക്ക് പിന്തുണ പ്രഖ്യാപിച്ചും ‘മേക് ഇറാൻ ഗ്രേറ്റ് എഗെയ്ൻ’ (ഇറാനെ വീണ്ടും ശക്തമാക്കുക) എന്ന മുദ്രാവാക്യം ഉയർത്തിയുമായിരുന്നു പ്രതിഷേധം. ഇറാനിലെ ഇസ്ലാമിക് ഭരണകൂടം മാറണമെന്നും ജനാധിപത്യപരമായ മാറ്റത്തിന് സമയമായെന്നും ലോകമെമ്പാടുനിന്നും എത്തിയ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
മ്യൂണിക്ക് സുരക്ഷാ കോൺഫറൻസിൽ സംസാരിച്ച റെസ പഹ്‌ലവി, ഇറാനിലെ ജനങ്ങൾ നൽകിയ വെല്ലുവിളി താൻ സന്തോഷപൂർവ്വം ഏറ്റെടുക്കുന്നതായും രാജ്യത്തെ ജനാധിപത്യപരമായ മാറ്റത്തിലേക്ക് നയിക്കാൻ താൻ സന്നദ്ധനാണെന്നും വ്യക്തമാക്കി. ഇറാനിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ അതിരൂക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു താൽക്കാലിക സർക്കാർ രൂപീകരിച്ച് സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പിലൂടെ പുതിയ ഭരണഘടന കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇറാൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടും ശ്രദ്ധേയമാണ്. ഇറാനിൽ ഒരു ഭരണമാറ്റം ഉണ്ടാകുന്നത് ഏറ്റവും നല്ല കാര്യമായിരിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ്, മേഖലയിൽ സൈനിക വിന്യാസം വർദ്ധിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇറാനിലെ ജനങ്ങളുടെ അവകാശങ്ങൾക്കായി ലോകം ഒന്നിക്കണമെന്ന പഹ്‌ലവിയുടെ ആഹ്വാനത്തിന് ആഗോളതലത്തിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. മ്യൂണിക്കിലെ പ്രതിഷേധത്തിന് പുറമെ ടൊറന്റോയിലും ലോസ് ആഞ്ചലസിലും വൻ റാലികൾ നടന്നു. ഇറാനിലെ വിപ്ലവം അതിന്റെ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് പ്രതിഷേധക്കാർക്കിടയിലെ പൊതുവായ വികാരം.














