അമേരിക്കയിലെ മലയാളി സിസ്റ്റേഴ്സിൻ്റെ സംഗമം ഏപ്രിൽ 17 നും18നും ഷിക്കാഗോയിൽ: ഒരുക്കങ്ങൾ പൂർത്തിയായി

റോയി ചേലമലയിൽ

ഷിക്കാഗോ: സെൻ്റ് തോമസ് സിറോ മലബാർ രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെയും അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി ഷിക്കാഗോയിൽ സംഘടിപ്പിക്കുന്ന മലയാളി സിസ്റ്റേഴ്സിന്റെ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്സിന്റെയും ഈ സംഗമം ചിക്കാഗോ ബെൻസെൻവിൽ സേക്രഡ് ഹേർട്ട് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഏപ്രിൽ 17, 18 (വെള്ളി, ശനി) തീയതികളിലാണ് നടക്കുക.

ഷിക്കാഗോയിലെ സിറോ മലബാർ കത്തീഡ്രൽ ഇടവകയുടെയും, സേക്രഡ് ഹാർട്ട് , സെന്റ് മേരീസ് ക്നാനായ ഇടവകകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സംഗമത്തിന്റെ ഒരുക്കങ്ങൾ ഏപ്രിൽ 8 നു ചേർന്ന സ്വാഗതസംഘം വിലയിരുത്തി.

ജൂബിലി ആഘോഷിക്കുന്ന അങ്ങാടിയത്ത് പിതാവിനും ഷിക്കാഗോ സിറോ മലബാർ രൂപതാധ്യക്ഷൻ ജോയി ആലപ്പാട്ട് പിതാവിനും ഒപ്പം അമേരിക്കയിലെ വിവിധ സഭകളിലെ വൈദിക മേലധ്യക്ഷന്മാർ മുഖ്യാഥികളായിരിക്കും. അമേരിക്കയിലെ സ്പ്രിങ്‌ഫീൽഡ് രൂപതാധ്യക്ഷൻ ബിഷപ്പ് തോമസ് ജോൺ പാപ്‌റോക്കിയും അമേരിക്കൻ റുത്തേനിയൻ കത്തോലിക്ക സഭയിലെ പർമ രൂപതയുടെ ബിഷപ്പ് റോബർട്ട്പിപ്റ്റയും  വൈറ്റ് ഹൗസ് ഫെയ്‌ത് ഓഫിസിലെ മതാന്തര ബന്ധങ്ങളുടെ ലയിസൺ ഓഫീസർ  റവ. ഫാ.അലക്സാണ്ടർകുര്യൻ,  ഡൊമിനിക്കൻ സന്യാസിനിയും  അധ്യാപികയുമായ റവ. സി. അമേലിയ ഹുള്ളെർ എന്നിവരും ഈ സംഗമത്തിൽ പങ്കെടുക്കും.

ഏപ്രിൽ 17 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് രെജിസ്ട്രേഷനും അതിനുശേഷം സെമിനാറും നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് സമൂഹബലിയോടെ ഈ പരിപാടി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യപ്പെടും. തുടർന്ന് പങ്കെടുക്കുന്ന എല്ലാ സന്യാസിനികളും വിശിഷ്ടാതിഥികളും പ്രദക്ഷിണമായി പൊതുസമ്മേളനം നടക്കുന്ന ഹാളിലേക്ക് നീങ്ങും. തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യത്തിൽ പൊതുസമ്മേളനം നടക്കും. സമ്മേളനത്തിനു ശേഷം ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന സമൂഹബലിയിലും പൊതുസമ്മേളനത്തിലും കലാപരിപാടിയിലും ഡിന്നറിലും പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. പതിനെട്ടാം തീയതി ശനിയാഴ്ച ഉച്ചയോടെ സമ്മേളനം അവസാനിക്കും.

അമേരിക്കയിൽ ആദ്യമായി നടത്തപ്പെടുന്ന ഈ പരിപാടികൾക്കു ഷിക്കാഗോ സിറോമലബാർ വികാരി ജനറാൾമാർ ആയ ഫാദർ തോമസ് മുളവനാൽ, ഫാദർ ജോൺ മേലേപ്പുറം , വികാരി ജനറാളും കത്തീഡ്രൽ പള്ളി വികാരിയുമായ ഫാദർ തോമസ് കടുകപ്പള്ളിൽ, രൂപതാ ചാൻസലർ ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ, ബെൻസെൻവിൽ സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. അബ്രഹാം കളരിക്കൽ, മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സി. ലിസ ആഞ്ഞിലിക്കൽ, ജനറൽ കോർഡിനേറ്റർ ശ്രീ ടോണി പുല്ലാപ്പള്ളിയും നേതൃത്വം നൽകും. ഈ സംഗമത്തിന്റെ വിജയത്തിനായി നിരവധി വോളൻറ്റിയേഴ്സിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

More Stories from this section

family-dental
witywide