ന്യൂയോർക്കിൽ മംദാനി പണി തുടങ്ങി; അധികാരമേറ്റയുടൻ ഇസ്രയേൽ വിഷയത്തിലടക്കം എറിക് ആഡംസിന്റെ വിവാദ ഉത്തരവുകൾ റദ്ദാക്കി പുതിയ മേയർ

ന്യൂയോർക്ക്: ന്യൂയോർക്കിന്റെ പുതിയ മേയറായി അധികാരമേറ്റ സൊഹ്‌റാൻ മംദാനി തന്റെ മുൻഗാമി എറിക് ആഡംസ് നടപ്പിലാക്കിയ നിർണ്ണായകമായ പല ഉത്തരവുകളും റദ്ദാക്കി വിപ്ലവകരമായ തുടക്കം കുറിച്ചു. സിറ്റി ഹാളിലെ സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുപിന്നാലെയാണ് മംദാനി തന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉപയോഗിച്ച് സുപ്രധാന മാറ്റങ്ങൾ വരുത്തിയത്. ഫെഡറൽ കുറ്റപത്രം നേരിട്ടതിനെത്തുടർന്ന് എറിക് ആഡംസ് തന്റെ ഭരണകാലത്തിന്റെ അവസാന നാളുകളിൽ പുറപ്പെടുവിച്ച വിവാദ ഉത്തരവുകളാണ് പ്രധാനമായും ലക്ഷ്യം വെച്ചത്. ഇസ്രായേലിനെ ബഹിഷ്കരിക്കുന്നതിനും നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനും നഗരസഭ ജീവനക്കാർക്കും ഏജൻസികൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം ഇതോടെ നീക്കം ചെയ്യപ്പെട്ടു.

കൂടാതെ ആന്റി സെമിറ്റിസം അഥവാ യഹൂദ വിരുദ്ധത എന്ന പദത്തിന്റെ നിർവ്വചനം വിപുലീകരിച്ചുകൊണ്ടുള്ള ആഡംസിന്റെ നിർദ്ദേശവും മംദാനി റദ്ദാക്കി. ഇസ്രായേൽ സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നത് യഹൂദ വിരുദ്ധതയായി കണക്കാക്കുന്ന അന്താരാഷ്ട്ര ഹോലോകോസ്റ്റ് റിമെംബറൻസ് അലയൻസ് നിർവ്വചനമായിരുന്നു മുൻപ് സ്വീകരിച്ചിരുന്നത്. സമാധാനപരമായ പ്രതിഷേധങ്ങളെയും രാഷ്ട്രീയ വിമർശനങ്ങളെയും തടയുന്ന ഇത്തരം നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്ന നിലപാടാണ് 34-കാരനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ് മംദാനി സ്വീകരിച്ചിരിക്കുന്നത്. 2024 സെപ്റ്റംബർ 26-ന് എറിക് ആഡംസിനെതിരെ അഴിമതി ആരോപണത്തിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷമുള്ള എല്ലാ പ്രധാന തീരുമാനങ്ങളും പുനഃപരിശോധിക്കുമെന്ന മംദാനിയുടെ പ്രഖ്യാപനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

വിദേശനയങ്ങൾക്ക് പുറമെ നഗരത്തിലെ ഭവന നിർമ്മാണ മേഖലയിലും വലിയ മാറ്റങ്ങൾക്ക് മംദാനി തുടക്കം കുറിച്ചു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാന വാഗ്ദാനമായിരുന്ന വീട് നിർമ്മാണ പദ്ധതികൾ വേഗത്തിലാക്കാൻ അദ്ദേഹം പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. നഗരസഭയുടെ കൈവശമുള്ള ഭൂമിയുടെ കൃത്യമായ കണക്കെടുപ്പ് നടത്താനും അവിടെ ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മുൻ മേയർ എറിക് ആഡംസ് തന്റെ കാലാവധിയുടെ അവസാന നിമിഷങ്ങളിൽ മംദാനിയുടെ നയങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾക്കിടയിലാണ് ഈ നീക്കങ്ങൾ എന്നതും ശ്രദ്ധേയമാണ്.

More Stories from this section

family-dental
witywide