ആദ്യദിനം അടിപൊളിയാക്കി മംദാനി; സബ്‌വേ യാത്രയും ഭവന പ്രതിസന്ധിക്ക് പുതിയ എക്സിക്യൂട്ടീവ് ഉത്തരവും… പിന്നെയും ശ്രദ്ധനേടിയ ചിലതുണ്ട്

ന്യൂയോർക്ക്: ജനുവരി 1-ന് അർദ്ധരാത്രിയിൽ ഉപേക്ഷിക്കപ്പെട്ട പഴയ സിറ്റി ഹാൾ സബ്‌വേ സ്റ്റേഷനിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് ന്യൂയോർക്ക് സിറ്റിയുടെ 112-ാമത് മേയറായി ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനി ചുമതലയേറ്റത്. ചരിത്രപരമായ ഈ ദിവസം തുടങ്ങിയത് അർദ്ധരാത്രി 12 നാണ്. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുത്തതോടെ ഖുർആനിൽ തൊട്ടുള്ള സത്യപ്രതിജ്ഞയായിരുന്നു ആദ്യം. ന്യൂയോർക്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മേയർ ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത്. തന്റെ മുത്തച്ഛന്റെ ഖുർആനും ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിൽ നിന്നുള്ള ചരിത്രപ്രധാന്യമുള്ള ഖുർആനും അദ്ദേഹം ഇതിനായി ഉപയോഗിച്ചു.

അന്നുതന്നെ ഉച്ചയ്ക്ക് സിറ്റി ഹാളിന്റെ പടവുകളിൽ വെച്ച് നടന്ന പൊതു ചടങ്ങിൽ സെനറ്റർ ബെർണി സാൻഡേഴ്‌സ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

തന്റെ ആദ്യ പൂർണ പ്രവൃത്തിദിനമായ വെള്ളിയാഴ്ച , മറ്റ് ന്യൂയോർക്ക് നിവാസികളെപ്പോലെ ക്വീൻസിലെ തന്റെ വീട്ടിൽ നിന്നും സബ്‌വേ ട്രെയിനിലാണ് അദ്ദേഹം ഓഫീസിലേക്ക് എത്തിയത്. യാത്രയിലുടനീളം അദ്ദേഹം സഹയാത്രക്കാരുമായി ആശയവിനിമയം നടത്തുകയും അവർക്കൊപ്പം സെൽഫികൾ എടുക്കുകയും ചെയ്തു. കോലാഹലത്തിൽ ആശയക്കുഴപ്പത്തിലായ ഒരു ജോഡി ഫ്രഞ്ച് വിനോദസഞ്ചാരികൾ മംദാനിയെ സമീപിച്ച് കാര്യം തിരക്കി. അപ്പോൾ അദ്ദേഹം സ്വയം “ന്യൂയോർക്കിന്റെ പുതിയ മേയർ” എന്ന് പരിചയപ്പെടുത്തി. എന്നാൽ അവർക്ക് സംശയം തോന്നി. ഒരു മേയർ സാധാരണക്കാരനെപ്പോലെ ട്രെയിനിലോ ? അപ്പോൾ തെളിവായി അദ്ദേഹം തന്റെ പുഞ്ചിരിക്കുന്ന മുഖം ഉൾക്കൊള്ളുന്ന ന്യൂയോർക്ക് ഡെയ്‌ലി ന്യൂസിന്റെ പ്രഭാത പകർപ്പ് ഉയർത്തിക്കാട്ടി.

ചുമതലയേറ്റ ആദ്യ മണിക്കൂറുകളിൽ തന്നെ നഗരത്തിലെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി അദ്ദേഹം മൂന്ന് എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിട്ടു. വാടകക്കാരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ‘മേയേഴ്സ് ഓഫീസ് ടു പ്രൊട്ടക്റ്റ് ടെനന്റ്സ്’ (Mayor’s Office to Protect Tenants) എന്ന വിഭാഗം അദ്ദേഹം പുനഃസ്ഥാപിച്ചു. ഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി ‘ഓഫീസ് ഓഫ് മാസ് എൻഗേജ്‌മെന്റ്’ (Office of Mass Engagement) എന്ന പുതിയ വകുപ്പിന്റെ രൂപീകരണം അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ, തന്റെ യാത്രാനയങ്ങളുടെ സൂചനയായി മൈക്കൽ ഫ്ലിന്നിനെ ഗതാഗത വകുപ്പ് കമ്മീഷണറായി അദ്ദേഹം പ്രഖ്യാപിച്ചു.

മുൻ മേയർ എറിക് ആഡംസ് പുറപ്പെടുവിച്ചിരുന്ന ഉത്തരവുകൾ മംദാനി റദ്ദാക്കി. നഗര ഭരണകൂടമോ ഏജൻസികളോ ഇസ്രായേലിനെതിരെയുള്ള ബി.ഡി.എസ് (Boycott, Divestment, Sanctions – BDS) പ്രസ്ഥാനത്തിൽ പങ്കുചേരുന്നത് വിലക്കിക്കൊണ്ട് ആഡംസ് ഇറക്കിയ ഉത്തരവ്  ഇതിൽ ഉൾപ്പെടുന്നു. ആന്റിസെമിറ്റിസത്തെക്കുറിച്ച് ‘ഇന്റർനാഷണൽ ഹോളോകോസ്റ്റ് റിമംബറൻസ് അലയൻസ്’ (IHRA) നൽകിയ വിവാദപരമായ നിർവ്വചനം നഗര നയങ്ങളിൽ ഔദ്യോഗികമായി സ്വീകരിച്ച ആഡംസിന്റെ നടപടിയും അദ്ദേഹം പിൻവലിച്ചു. റൈക്കേഴ്സ് ഐലൻഡ് ജയിലിൽ കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നതിനായി ഫെഡറൽ ഏജന്റുമാരെയും ഇമിഗ്രേഷൻ ഓഫീസർമാരെയും അനുവദിച്ചിരുന്ന ഉത്തരവും മംദാനി റദ്ദാക്കി. പോരാത്തതിന് ആഡംസ് രൂപീകരിച്ച ബ്ലോക്ക്ചെയിൻ (Blockchain) സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രത്യേക ഓഫീസും മംദാനി നിർത്തലാക്കി.

ഭരണത്തിൽ ഒരു പുതിയ തുടക്കം ഉറപ്പാക്കുന്നതിനും ആഡംസ് ഭരണകാലത്ത് ജനങ്ങൾക്ക് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുന്നതിനുമാണ് ഈ നടപടിയെന്ന് മംദാനി വ്യക്തമാക്കി. അതേസമയം, ആഡംസ് രൂപീകരിച്ച ആന്റിസെമിറ്റിസം പ്രതിരോധ ഓഫീസ് മംദാനി നിലനിർത്തുകയും അതിനെ പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

തുടർന്ന് സിറ്റി ഹാളിൽ വെച്ച് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും തന്റെ ഭരണലക്ഷ്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
ന്യൂയോർക്കിന്റെ ആദ്യ മുസ്ലീം മേയറും ആദ്യത്തെ ദക്ഷിണേഷ്യൻ വംശജനായ മേയറുമാണ് 34 വയസ്സുകാരനായ മംദാനി.

Mandani made the first day great; Subway ride and new executive orders for the housing crisis and more

More Stories from this section

family-dental
witywide