കോൺഗ്രസ് അംഗം എറിക് സ്വൽവെല്ലിനെതിരെ ലൈംഗിക പീഡനാരോപണങ്ങൾ; മാൻഹാട്ടൻ പ്രോസിക്യൂട്ടർ അന്വേഷണം ആരംഭിച്ചു

ന്യൂയോർക്ക്: യു.എസ്. കോൺഗ്രസ് അംഗമായ എറിക് സ്വാൽവെല്ലിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളിൽ മാൻഹാട്ടൻ ജില്ലാ അറ്റോർണി ഓഫീസ് അന്വേഷണം ആരംഭിച്ചു. നാലു സ്ത്രീകളാണ് സ്വാൽവെല്ലിനെതിരെ ലൈംഗിക പീഡനം മുതൽ ബലാത്സംഗം വരെയുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ന്യൂയോർക്കിൽ നടന്നുവെന്നാരോപിക്കുന്ന സംഭവവും ഇതിൽ ഉൾപ്പെടുന്നു.

അതേസമയം, കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്വാൽവെൽ ആരോപണങ്ങൾ തള്ളി. ആരോപണങ്ങൾ സത്യങ്ങൾ കൊണ്ട് തന്നെ പ്രതിരോധിക്കും എന്നും സ്വാൽവെൽ വ്യക്തമാക്കി. എന്നാൽ, “ഈ ആരോപണങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നവരും ഇരകളുമെല്ലാം മുന്നോട്ട് വരണം,” എന്ന് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.

2012 മുതൽ സാൻ ഫ്രാൻസിസ്കോയ്ക്ക് സമീപമുള്ള മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്വാൽവെല്ലിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തതോടെയാണ് ആദ്യ ആരോപണം പുറത്ത് വന്നത്. മുൻ സ്റ്റാഫ് അംഗമായിരുന്ന യുവതി ജോലി ആരംഭിച്ചതിന് പിന്നാലെ സ്വാൽവെൽ തെറ്റായ പരാമർശങ്ങളും ലൈംഗിക സന്ദേശങ്ങളും അയച്ചതായി ആരോപിച്ചു. കൂടാതെ, രണ്ടു തവണ ലൈംഗികമായി ആക്രമിച്ചതായും അവൾ പറഞ്ഞു.

2019 സെപ്റ്റംബറിൽ ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷവും, 2024-ൽ ന്യൂയോർക്കിലെ ഒരു ചാരിറ്റി പരിപാടിക്ക് ശേഷവും ഇത്തരം സംഭവങ്ങൾ ഉണ്ടായതായി അവൾ ആരോപിച്ചു. ഇരുവേളകളിലും സമ്മതം നൽകാൻ കഴിയാത്ത വിധം മദ്യപിച്ചിരുന്നുവെന്നും അവൾ വ്യക്തമാക്കി. ഇതിനിടെ, സിഎൻഎൻ നാല് സ്ത്രീകളിൽ നിന്നുള്ള സമാന ആരോപണങ്ങൾ കൂടി പുറത്തുവിട്ടു. രണ്ട് പരാതിക്കാർക്ക് സ്വാൽവെല്ലിന്റെ നിയമസംഘം നോട്ടീസ് അയച്ചതായും റിപ്പോർട്ടുണ്ട്.

ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ച സ്വാൽവെൽ, “ഞാൻ പരിപൂർണ്ണനല്ല, പക്ഷേ ആരോപണങ്ങൾ തെറ്റാണ്” എന്ന് പറഞ്ഞു. തന്റെ ഭാര്യയോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണങ്ങൾ പുറത്ത് വന്നതോടെ സെനറ്റർ ആദം ഷിഫ്, ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് തുടങ്ങിയ പ്രമുഖർ പിന്തുണ പിൻവലിച്ചു.

ഗവർണർ ഗാവിൻ ന്യൂസോം സ്ഥാനമൊഴിയാനിരിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് ഈ വിവാദം വലിയ രാഷ്ട്രീയ പ്രതിഫലങ്ങൾ ഉണ്ടാക്കാനിടയുണ്ട്. നിലവിൽ ഡെമോക്രാറ്റിക് പാർട്ടിയിൽ വ്യക്തമായ മുന്നേറ്റക്കാരൻ ഇല്ലാത്തതിനാൽ വോട്ടുകൾ വിഭജിക്കപ്പെടാനുള്ള സാധ്യതയും ഉയർന്നിരിക്കുകയാണ്.

Manhattan prosecutor launches investigation into sexual assault allegations against Congressman Eric Swalwell