ട്രംപ് ഭരണകൂടത്തിലെ സുപ്രധാനമായ ചുമതല ഒഴിഞ്ഞ് മാർക്കോ റൂബിയോ; ഇനിയും നിരവധി നിർണ്ണായക സ്ഥാനങ്ങൾ, പ്രസിഡന്‍റിന്‍റെ വിശ്വസ്തൻ

വാഷിംഗ്ടൺ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാർക്കോ റൂബിയോ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ആക്ടിംഗ് ആർക്കൈവിസ്റ്റ് എന്ന പദവിയിൽ നിന്നും ഒഴിഞ്ഞു. ഏകദേശം ഒരു വർഷത്തോളമായി അദ്ദേഹം ഈ ചുമതല വഹിച്ചുവരികയായിരുന്നു. ഫെഡറൽ വേക്കൻസി റിഫോം ആക്ട് പ്രകാരം ഒരു ആക്ടിംഗ് ഓഫീസർക്ക് നിശ്ചിത കാലയളവിൽ കൂടുതൽ ആ പദവിയിൽ തുടരാനാകില്ല എന്ന നിയമപരമായ കാരണത്താലാണ് ഈ മാറ്റം. റൂബിയോയുടെ പദവി അവസാനിച്ചതായും നിലവിൽ സീനിയർ അഡൈ്വസർ ആയ ജെയിംസ് ബൈറണിനായിരിക്കും ആർക്കൈവ്‌സിന്റെ ചുമതലയെന്നും നാഷണൽ ആർക്കൈവ്‌സ് ജനറൽ കൗൺസൽ അറിയിച്ചു.

ഡോണൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിൽ ഏറ്റവും വിശ്വസ്തനായ വ്യക്തിയാണ് മുൻ ഫ്ലോറിഡ സെനറ്റർ കൂടിയായ റൂബിയോ. ആർക്കൈവിസ്റ്റ് പദവി ഒഴിഞ്ഞെങ്കിലും സുപ്രധാന ദൗത്യങ്ങൾ അദ്ദേഹം തുടർന്നും നിർവ്വഹിക്കും. ഹെൻറി കിസിഞ്ചറിനുശേഷം അമേരിക്കൻ ചരിത്രത്തിൽ ഒരേസമയം സ്റ്റേറ്റ് സെക്രട്ടറിയായും ദേശീയ സുരക്ഷാ ഉപദേഷ്ടാവായും പ്രവർത്തിക്കുന്ന ആദ്യ വ്യക്തിയാണ് റൂബിയോ. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കുന്നതിനും അവിടെയുള്ള പുതിയ ഭരണകൂടത്തിലേക്കുള്ള മാറ്റങ്ങൾക്കും നേതൃത്വം നൽകുന്നത് റൂബിയോയാണ്.

യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് നിർത്തലാക്കുന്നതിനുള്ള നടപടികളുടെ മുഖ്യ ചുമതലയും അദ്ദേഹത്തിനാണ്. ഒരു പ്രധാന പദവി ഒഴിഞ്ഞെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ വിദേശനയങ്ങളിലും ആഭ്യന്തര സുരക്ഷാ കാര്യങ്ങളിലും മാർക്കോ റൂബിയോയുടെ സ്വാധീനം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

More Stories from this section

family-dental
witywide