നോർമ ജീനിൽ നിന്നും മെർലിൻ മൺറോയിലേക്കുള്ളത് ഒരു കണ്ണീർ ഭൂതകാലം, നൂറ്റാണ്ടിൻ്റെ മറുകരയിൽ ഹോളിവുഡ് കൊതിച്ച പിങ്ക് സുന്ദരി

ഒരു കാലഘട്ടത്തിൻ്റെ സ്വപ്നനായികയായിരുന്നു അവൾ. ക്യാമറക്കണ്ണുകൾക്ക് മുന്നിൽ അവൾ വരുമ്പോൾ ലോകം ശ്വാസമടക്കിപ്പിടിച്ചു നിന്നു. എന്നാൽ, ആ തിളങ്ങുന്ന ലൈറ്റുകൾക്ക് പിന്നിൽ, ആരും കാണാത്ത മേക്കപ്പ് റൂമിൽ ഇരുന്ന് അവൾ വിറയ്ക്കുകയായിരുന്നു! അതെ, ഇരുപതാം നൂറ്റാണ്ടിൽ ലോകത്ത് ഏറ്റവും കൂടുതൽ ഫോട്ടോ എടുക്കപ്പെട്ട ആ സൗന്ദര്യദേവതയ്ക്ക് യഥാർത്ഥത്തിൽ ക്യാമറയെ കടുത്ത ഭയമായിരുന്നു!

ഇന്ന് അവൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവൾക്ക് 100 വയസ് തികയുകയാണ്. ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും, ലോകം ഇന്നും മെർലിൻ മൺറോ എന്ന പേര് കേൾക്കുമ്പോൾ ആവേശഭരിതരാകുന്നു. അവരുടെ ഓർമ്മയ്ക്കായി ലോസ് ആഞ്ചലസിൽ ഇന്ന് ഒരു വമ്പൻ പ്രദർശനം ഒരുങ്ങിയപ്പോൾ, ഹോളിവുഡിൻ്റെ ചരിത്രത്തിലെ ചില കനൽക്കഥകൾ വീണ്ടും ജനശ്രദ്ധ നേടുകയാണ്.

പിങ്ക് വസ്ത്രത്തിന് പിന്നിലെ നഗ്നരഹസ്യം!

മെർലിൻ്റെ കരിയറിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ് ‘ഡയമണ്ട്സ് ആർ എ ഗേൾസ് ബെസ്റ്റ് ഫ്രണ്ട്’ എന്ന പാട്ടിൽ ധരിച്ച ആ തിളങ്ങുന്ന പിങ്ക് വസ്ത്രം. എന്നാൽ, അതൊരു അവസാന നിമിഷത്തെ പകരക്കാരൻ മാത്രമായിരുന്നു എന്ന് എത്രപേർക്കറിയാം?

യഥാർത്ഥത്തിൽ, സംവിധായകൻ അവൾക്കായി ആദ്യം ഡിസൈൻ ചെയ്തത് ശരീരം വളരെയധികം വെളിപ്പെടുത്തുന്ന, കടുത്ത ഗ്ലാമറസ് ആയ ഒരു വസ്ത്രമായിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഹോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് ഒരു വാർത്ത പുറത്തുവന്നു—വർഷങ്ങൾക്ക് മുമ്പ് കടുത്ത ദാരിദ്ര്യം കാരണം നിലനിൽപ്പിനായി അവൾ എടുത്ത ചില നഗ്നചിത്രങ്ങൾ ആരോ പരസ്യമാക്കി!

സ്റ്റുഡിയോ മേധാവികൾ ഭയന്നു. അവളുടെ പ്രതിച്ഛായ രക്ഷിക്കാൻ അവർ ആ വസ്ത്രം അടിയന്തരമായി മാറ്റി, പകരം അല്പം മാന്യമായ പിങ്ക് വസ്ത്രം നൽകി. പ്രതിസന്ധികളിൽ തളരാത്ത അവൾ ആ പിങ്ക് വസ്ത്രമണിഞ്ഞ് ക്യാമറയ്ക്ക് മുന്നിലെത്തി. ആ പാട്ടും വസ്ത്രവും ചരിത്രമായി മാറി!

ഈ പ്രശസ്ത സിനിമാതാരത്തോടുള്ള ആദരസൂചകമായി, ലോസ് ആഞ്ചലസിലെ ‘അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സ്’ അവരുടെ പുതിയ പ്രദർശനത്തിലൂടെ ഒരു വലിയ ആദരവ് ഒരുക്കുന്നുണ്ട്. “മെർലിൻ മൺറോ: ഹോളിവുഡ് ഐക്കൺ” എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദർശനം ഇന്നാണ് ആരംഭിക്കുന്നത്. ക്യൂറേറ്റർ സോഫിയ സെറാനോയും മ്യൂസിയം ഡയറക്ടറും പ്രസിഡന്റുമായ ആമി ഹോമ്മയും ചേർന്നാണ് മെരിലിന്റെ കരിയറിലെ മികച്ച വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഈ ശേഖരം ഒരുക്കിയത്. 1962-ൽ അന്തരിച്ച ഈ താരത്തോട് ജനങ്ങൾക്കുള്ള ആകർഷണത്തെക്കുറിച്ച് ഹോമ്മ പറഞ്ഞത് ഇങ്ങനെയാണ്: “ആ കനൽ ഇപ്പോഴും അണഞ്ഞിട്ടില്ല. ആളുകൾക്ക് ഇപ്പോഴും മെരിലിനുമായി ബന്ധപ്പെടാൻ താൽപ്പര്യമുണ്ട്. അവർ അവരുടെ സിനിമകൾ മുഴുവൻ കണ്ടവരാകാം, അല്ലെങ്കിൽ ഈ പ്രദർശനത്തിലൂടെ ആദ്യമായി അവരെ പരിചയപ്പെടുന്നവരുമാകാം. അവർ എന്നെന്നും ജീവിക്കുന്നവളാണ്.”

നോർമ ജീനിൽ നിന്നും മെർലിനിലേക്ക്

ഈ തിളക്കത്തിനപ്പുറം കണ്ണീരിൻ്റെ ഒരു ഭൂതകാലം അവൾക്കുണ്ടായിരുന്നു. മെർലിൻ ആകുന്നതിന് മുമ്പ് അവൾ ‘നോർമ ജീൻ’ എന്ന പാവപ്പെട്ട പെൺകുട്ടിയായിരുന്നു. അച്ഛനും അമ്മയും ഉപേക്ഷിച്ച ആ കുട്ടി, അനാഥാലയങ്ങളിലും പലരുടെയും വളർത്തു വീടുകളിലുമായിട്ടാണ് വളർന്നത്. മറ്റൊരു വളർത്തു വീട്ടിലേക്ക് മാറേണ്ടി വരുമെന്ന ഭയം കാരണം, തൻ്റെ 16-ാം വയസ്സിൽ അവൾ അയൽക്കാരനായ ഒരു 21-കാരനെ വിവാഹം കഴിക്കാൻ നിർബന്ധിതയായി.

പിന്നീട് ഹോളിവുഡിൻ്റെ രാജ്ഞിയായപ്പോൾ പ്രശസ്ത ബേസ്ബോൾ താരം ജോ ഡിമാജിയോയും, വിഖ്യാത നാടകകൃത്ത് ആർതർ മില്ലറുമൊക്കെ അവളുടെ ജീവിതത്തിലേക്ക് വന്നെങ്കിലും, യഥാർത്ഥ സ്നേഹം ആ ജീവിതത്തിൽ എന്നും ഒരു ചോദ്യചിഹ്നമായിരുന്നു.

ജോ ഡിമാജിയോ അവരുടെ ജീവിതത്തിലേക്ക് വന്നപ്പോൾ ലോകം ആരാധിക്കുന്ന ഒരു കായികതാരവും ലോകം കൊതിക്കുന്ന ഒരു സൗന്ദര്യധാമവും തമ്മിലുള്ള പ്രണയമായിരുന്നു വാർത്തയായത്. എന്നാൽ ആ ബന്ധം കടുത്ത അസൂയയും നിയന്ത്രണങ്ങളും നിറഞ്ഞതായിരുന്നു. മെർലിൻ്റെ വസ്ത്രധാരണവും ജനപ്രീതിയും ജോയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒടുവിൽ, പരസ്പരം ജീവനായിരുന്നിട്ടും കേവലം 9 മാസങ്ങൾക്കുള്ളിൽ ആ ദാമ്പത്യം തകർന്നു. എങ്കിലും, മെർലിൻ്റെ മരണശേഷവും 20 വർഷത്തോളം ആഴ്ചയിൽ മൂന്ന് തവണ വീതം അവരുടെ കല്ലറയിൽ ചുവന്ന റോസാപ്പൂക്കൾ എത്തിച്ചിരുന്നത് ഇതേ ജോ ഡിമാജിയോ ആയിരുന്നു!

പ്രശസ്ത നാടകകൃത്ത് ആർതർ മില്ലർ മെർലിനെ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോൾ ബുദ്ധിജീവിയായ എഴുത്തുകാരനും ഹോളിവുഡ് ഗ്ലാമർ റാണിയും തമ്മിലുള്ള അടുത്ത കൂട്ടുകെട്ടായിരുന്നു ചർച്ച. എന്നാൽ മെർലിൻ അദ്ദേഹത്തെ ഒരു പിതാവിനെപ്പോലെ വിശ്വസിച്ചു. തന്നെ ഒരു ലൈംഗിക പ്രതീകമായി കാണാത്ത ഒരേയൊരു മനുഷ്യൻ അദ്ദേഹമാണെന്ന് അവർ കരുതി. എന്നാൽ, ആർതർ തൻ്റെ ഡയറിയിൽ മെർലിനെക്കുറിച്ച് എഴുതിയ ചില മോശം പരാമർശങ്ങൾ അവർ അപ്രതീക്ഷിതമായി വായിക്കാനിടയായി. തൻ്റെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം അദ്ദേഹത്തിന് നാണക്കേടാണെന്ന് അറിഞ്ഞ നിമിഷം മെർലിൻ്റെ ഹൃദയം തകർന്നുപോയി. ആ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല.

29 സൂപ്പർഹിറ്റ് സിനിമകൾ ചെയ്തെങ്കിലും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. മാനസികമായ സമ്മർദ്ദങ്ങൾ കാരണം അവൾ എപ്പോഴും സെറ്റിൽ വരാൻ മണിക്കൂറുകൾ വൈകും. മണിക്കൂറുകളോളം മേക്കപ്പ് കണ്ണാടിക്ക് മുന്നിലിരുന്ന് ഡയലോഗുകൾ പരിശീലിക്കും. സംവിധായകർ ദേഷ്യപ്പെടുമായിരുന്നെങ്കിലും, ഒടുവിൽ അവൾ ക്യാമറയ്ക്ക് മുന്നിൽ നൽകുന്ന ആ ഒരൊറ്റ ഷോട്ട് നൂറ് ശതമാനം പെർഫെക്റ്റ് ആയിരിക്കും എന്ന് എല്ലാവരും സമ്മതിച്ചിരുന്നു.

മെരിലിൻ ലോകത്തെ ഏറ്റവും വലിയ നായികയായിരുന്നെങ്കിലും, അവളുടെ കയ്യിൽ വലിയ സമ്പാദ്യമൊന്നും ഉണ്ടായിരുന്നില്ല. അവൾ ലോസ് ആഞ്ചലസിൽ ഒരു ചെറിയ സ്പാനിഷ് ശൈലിയിലുള്ള വീട് വാങ്ങിയപ്പോൾ ഹോളിവുഡിൽ ഒരു കഥ പരന്നു—വീട് വാങ്ങാൻ അവൾ മുൻഭർത്താവ് ജോ ഡിമാജിയോയോട് 5,000 ഡോളർ കടം ചോദിച്ചു എന്ന്! എന്നാൽ വർഷങ്ങൾക്ക് ശേഷം, അവളുടെ 1962-ലെ യഥാർത്ഥ ബാങ്ക് രേഖകൾ പുറത്തുവന്നപ്പോൾ ആ കള്ളക്കഥ പൊളിഞ്ഞു. ആ സമയത്ത് സിനിമകളുടെ റോയൽറ്റിയായി 250,000 ഡോളറിലധികം അവളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു!

ആരോടും പണം കടം വാങ്ങാതെ, സ്വന്തം കഠിനാധ്വാനത്തിൻ്റെ പണം കൊണ്ടാണ് അവൾ ആ കൊച്ചു വീട് വാങ്ങിയത്. അവൾ ആ വീടിന് ഒരു പേരിട്ടു: “കർസം പെർഫിസിയോ”—ലാറ്റിൻ ഭാഷയിൽ അതിനർത്ഥം “എൻ്റെ യാത്ര ഇവിടെ അവസാനിക്കുന്നു” എന്നാണ്! ഈ പേർ. ആ പേരുപോലെ തന്നെ , ആ വീട്ടിൽ വെച്ചാണ് അവളുടെ യാത്ര അവസാനിച്ചത്. 1962 ഓഗസ്റ്റ് 3-ന് പ്രശസ്തമായ ‘ലൈഫ്’ മാഗസിനിൽ അവളുടെ അവസാനത്തെ അഭിമുഖം അച്ചടിച്ചുവന്നു. വരാനിരിക്കുന്ന മരണത്തെക്കുറിച്ച് അറിയാതെ അവൾ അന്ന് പണത്തെക്കുറിച്ച് സംസാരിച്ചു.

“എനിക്കും എന്നെ ആശ്രയിക്കുന്നവർക്കും ജീവിക്കാനുള്ളത് ഉണ്ടാകണം. പക്ഷേ ഒരു കോടീശ്വരിയാകുക എന്നത് എൻ്റെ സ്വപ്നമല്ല. അത് ഒരിക്കലും എൻ്റെ അമേരിക്കൻ സ്വപ്നങ്ങളുടെ ഭാഗമായിരുന്നിട്ടില്ല.”

പക്ഷേ, ആ അഭിമുഖം വന്ന് കൃത്യം രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഓഗസ്റ്റ് 5-ൻ്റെ ആ കറുത്ത പുലർച്ചെ, ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഒരു വാർത്ത പുറത്തുവന്നു—മെർലിൻ മൺറോ മരിച്ചു കിടക്കുന്നു! 36-ാം വയസ്സിൽ മരണമെത്തുമ്പോൾ കയ്യിലുണ്ടായിരുന്നത് ഫോൺ റിസീവർ. അമിതമായി ഉറക്കഗുളികകൾ ഉള്ളിൽച്ചെന്നായിരുന്നു മരണം.

ആത്മഹത്യയോ അതോ അബദ്ധത്തിൽ സംഭവിച്ചതോ?

ഇന്നും ആ ചോദ്യം ഒരു നിഗൂഢതയാണ്. ഇതിനുമുമ്പും രണ്ടുതവണ അവൾ ഇത്തരത്തിൽ അമിതമായി മരുന്ന് കഴിച്ച് മരണത്തിൻ്റെ വക്കിലെത്തിയപ്പോൾ ഭർത്താവ് ആർതർ മില്ലറാണ് അവളെ രക്ഷപ്പെടുത്തിയത്. പക്ഷേ, ആ അവസാന രാത്രിയിൽ അവളെ രക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ല!

മെർലിന് ഒരു ഓസ്കാർ അവാർഡ് പോലും കിട്ടിയില്ല. പക്ഷേ, മരണത്തിന് 60-ലധികം വർഷങ്ങൾക്ക് ശേഷവും, ഇന്നിതാ 100-ാം ജന്മവാർഷികത്തിലും അവൾ ലോകത്തെ ഭരിക്കുന്നു. സോഷ്യൽ മീഡിയയിൽ 1.5 കോടിയിലധികം യുവാക്കൾ ഇന്നും ആ ‘സെൽഫ് മേഡ്’ പെൺകുട്ടിയുടെ ജീവിതം കണ്ട് പ്രചോദനം ഉൾക്കൊള്ളുന്നു. ജീവിതം മാത്രമാണ് അവസാനിച്ചത്, അവരുടെ ഓർമ്മകൾക്ക് ഇന്നും നിത്യവസന്തമാണ്…

Marilyn Monroe’s 100th birthday

More Stories from this section

family-dental
witywide