
ടെഹ്റാൻ: ഇറാന്റെ മുഴുവൻ തുറമുഖങ്ങളെയും തീരപ്രദേശങ്ങളെയും സ്തംഭിപ്പിച്ചുകൊണ്ടുള്ള അമേരിക്കൻ നാവികസേനയുടെ ഉപരോധം ഔദ്യോഗികമായി ആരംഭിച്ചു. ബ്രിട്ടീഷ് നാവികസേനയുടെ മാരിടൈം കോർഡിനേഷൻ സെന്ററായ യുകെഎംടിഒ (UKMTO) ആണ് ഇത് സംബന്ധിച്ച അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇന്ത്യൻ സമയം രാത്രി 7:30-ഓടെ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഇറാന്റെ എണ്ണ ടാങ്കറുകൾക്കും ഊർജ്ജ നിലയങ്ങൾക്കും പുറമെ, ഇറാൻ തീരത്തേക്ക് പോകുന്നതോ അവിടെനിന്ന് വരുന്നതോ ആയ എല്ലാ അന്താരാഷ്ട്ര കപ്പലുകൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ഹോർമുസ് കടലിടുക്കിന് കിഴക്കുള്ള അറബിക്കടൽ എന്നിവിടങ്ങളിലെല്ലാം അതീവ സുരക്ഷാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏതൊരു രാജ്യത്തിന്റെ പതാക വഹിക്കുന്ന കപ്പലാണെങ്കിലും, അവ ഇറാന്റെ തുറമുഖങ്ങളുമായോ ഓയിൽ ടെർമിനലുകളുമായോ ബന്ധപ്പെട്ടാൽ നടപടി നേരിടേണ്ടി വരും. നിലവിൽ ഇറാനിയൻ തുറമുഖങ്ങളിൽ കിടക്കുന്ന വിദേശ കപ്പലുകൾക്ക് അവിടെനിന്ന് പുറത്തുപോകാൻ പരിമിതമായ സമയം അനുവദിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെ ഇറാൻ ഇതര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന കപ്പലുകളെ നിലവിൽ തടയില്ലെങ്കിലും, യാത്രയ്ക്കിടയിൽ കടുത്ത സൈനിക പരിശോധനകൾക്കും ആശയവിനിമയങ്ങൾക്കും വിധേയമാകേണ്ടി വരുമെന്ന് ബ്രിട്ടീഷ് നാവികസേന മുന്നറിയിപ്പ് നൽകി. മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിരിക്കുകയാണ്. കപ്പലുകൾ പാലിക്കേണ്ട കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും. ഈ ഉപരോധം ആഗോള എണ്ണ വിപണിയെയും കപ്പൽ ഗതാഗതത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം.












