വാഷിംഗ്ടൺ: വെനിസ്വേലയിൽ നിക്കോളാസ് മഡുറോയെ പുറത്താക്കാനായി അമേരിക്ക നടത്തിയ സൈനിക നീക്കം പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ‘അമേരിക്ക ഫസ്റ്റ്’ വാഗ്ദാനത്തിന് വിരുദ്ധമാണെന്ന് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ഉടൻ വിരമിക്കാനിരിക്കുന്ന പ്രതിനിധി മാർജറി ടെയ്‌ലർ ഗ്രീൻ ആരോപിച്ചു. മയക്കുമരുന്ന് കടത്ത് തടയാനാണ് മഡുറോയെ പിടികൂടിയതെന്ന ഭരണകൂടത്തിന്‍റെ വാദത്തെ അവർ തള്ളിക്കളഞ്ഞു. മയക്കുമരുന്നാണ് ലക്ഷ്യമെങ്കിൽ എന്തുകൊണ്ട് മെക്സിക്കൻ കാർട്ടലുകൾക്കെതിരെ ഇത്തരമൊരു നടപടി എടുക്കുന്നില്ലെന്ന് അവർ ചോദിച്ചു. എൻബിസിയുടെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിലാണ് ഗ്രീൻ തന്റെ അതൃപ്തി വ്യക്തമാക്കിയത്.
മാഗ പ്രസ്ഥാനത്തിന്‍റെ പിന്തുണയോടെ അധികാരത്തിലെത്തിയ ട്രംപ്, വിദേശ രാജ്യങ്ങളിലെ ഇത്തരം അനാവശ്യ യുദ്ധങ്ങളിൽ നിന്നും ഭരണമാറ്റ നീക്കങ്ങളിൽ നിന്നും അമേരിക്കയെ മാറ്റി നിർത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ വാഷിംഗ്ടണിലെ പഴയ നയതന്ത്ര ശൈലി തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഈ സൈനിക നീക്കം അമേരിക്കൻ ജനതയ്ക്കല്ല, മറിച്ച് വലിയ കോർപ്പറേറ്റുകൾക്കും ബാങ്കുകൾക്കും എണ്ണക്കമ്പനികൾക്കുമാണ് ഗുണം ചെയ്യുന്നതെന്ന് ഗ്രീൻ കുറ്റപ്പെടുത്തി. തങ്ങളെ അവഗണിക്കുന്നതിൽ മാഗ പ്രവർത്തകർ അസ്വസ്ഥരാണെന്നും അവർ കൂട്ടിച്ചേർത്തു.
മഡുറോയെ മാറ്റിയത് മയക്കുമരുന്ന് തടയാനല്ല, മറിച്ച് വെനിസ്വേലയിലെ എണ്ണ ശേഖരത്തിന്മേൽ നിയന്ത്രണം ഉറപ്പാക്കാനാണെന്ന് അവർ ആരോപിച്ചു. ലക്ഷക്കണക്കിന് അമേരിക്കക്കാരെ കൊലപ്പെടുത്തുന്ന മയക്കുമരുന്ന് കടത്തുന്ന മെക്സിക്കൻ സംഘങ്ങളെ ട്രംപ് സ്പർശിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വിദേശ യുദ്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വിശ്വസിച്ച് വോട്ട് ചെയ്തവർക്ക് ഇതൊരു വലിയ തിരിച്ചടിയാണെന്ന് അവർ പറഞ്ഞു.
ട്രംപിന്റെ കടുത്ത അനുയായിയായിരുന്ന ഗ്രീൻ, അടുത്ത കാലത്തായി അദ്ദേഹവുമായി നയപരമായ കാര്യങ്ങളിൽ വലിയ അഭിപ്രായവ്യത്യാസത്തിലാണ്. മഡുറോയുടെ അറസ്റ്റിനെ റിപ്പബ്ലിക്കൻ പാർട്ടിയിലെ മറ്റു പ്രമുഖർ സ്വാഗതം ചെയ്യുമ്പോഴാണ് ഗ്രീന്റെ ഈ ഒറ്റപ്പെട്ട പ്രതിഷേധം. തിങ്കളാഴ്ച കോൺഗ്രസിൽ നിന്ന് രാജിവെക്കാനിരിക്കുന്ന ഗ്രീന്റെ ഈ പ്രതികരണം പാർട്ടിനുള്ളിലെ ഭിന്നതകൾ കൂടുതൽ മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.













