
വാഷിംഗ്ടൺ: മിനസോട്ടയിൽ മാസങ്ങളായി തുടരുന്ന ‘ഓപ്പറേഷൻ മെട്രോ സർജ്’ അവസാനിപ്പിക്കുകയാണെങ്കിലും, രാജ്യവ്യാപകമായുള്ള കുടിയേറ്റ വിരുദ്ധ നടപടികളും നാടുകടത്തലും തുടരുമെന്ന് വൈറ്റ് ഹൗസ് ബോർഡർ ചീഫ് ടോം ഹോമൻ വ്യക്തമാക്കി. മിനസോട്ടയിലെ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ ജനത വോട്ട് ചെയ്തത് ഈ നടപടികൾക്കാണെന്ന് ഹോമൻ ഓർമ്മിപ്പിച്ചു. എന്നാൽ വരും ദിവസങ്ങളിൽ സമൂഹത്തിന് വലിയ ഭീഷണിയാകുന്ന കുറ്റവാളികളെ പിടികൂടുന്നതിനായിരിക്കും മുൻഗണന നൽകുക.
കൊലപാതകികൾ, ബലാത്സംഗം ചെയ്യുന്നവർ, കുട്ടികളെ പീഡിപ്പിക്കുന്നവർ എന്നിവരെയാണ് ‘ഏറ്റവും മോശപ്പെട്ട കുറ്റവാളികൾ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആദ്യം നാടുകടത്തുക.
“പ്രസിഡന്റ് ട്രംപ് നൽകിയ വാഗ്ദാനം ‘കൂട്ട നാടുകടത്തൽ’എന്നാണ്. അത് രാജ്യം കാണുക തന്നെ ചെയ്യും. ഇതിൽ മാറ്റമൊന്നുമില്ല. എന്നാൽ ആരെയാണ് പിടികൂടേണ്ടതെന്നും അവരുടെ ക്രിമിനൽ ചരിത്രമെന്താണെന്നും കൃത്യമായി ബോധ്യപ്പെട്ട ശേഷമുള്ള ലക്ഷ്യാധിഷ്ഠിത നടപടികളായിരിക്കും ഇനി ഉണ്ടാകുക,” ഹോമൻ പറഞ്ഞു.
മിനസോട്ടയിലെ സൈനിക വിന്യാസം കുറയ്ക്കുന്നത് പിന്മാറ്റമല്ലെന്നും മറിച്ച് കൂടുതൽ കാര്യക്ഷമമായ രീതിയിലേക്ക് പ്രവർത്തനം മാറ്റുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്ന ആരും നടപടികളിൽ നിന്ന് മുക്തരല്ലെന്നും ഹോമൻ കൂട്ടിച്ചേർത്തു.















