
ന്യൂജേഴ്‌സി: അമേരിക്കയിൽ പ്രായമായവരെ കബളിപ്പിച്ച് ദശലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. വർക്ക് വിസയിൽ അമേരിക്കയിലെത്തിയ 25 വയസ്സുകാരനായ നിഗൻ ഭട്ട് എന്ന ഇന്ത്യൻ പൗരനെയാണ് ലൂസിയാനയിലെ ടാംഗിപഹോവ പാരിഷ് ഷെരീഫ് ഓഫീസ് അറസ്റ്റ് ചെയ്തത്. ഒരു ഇരയിൽ നിന്ന് 8,00,000 ഡോളർ (ഏകദേശം 6.6 കോടി രൂപ) മൂല്യമുള്ള സ്വർണ്ണം ശേഖരിക്കാൻ എത്തിയപ്പോഴാണ് ഇയാൾ വലയിലായത്.
ഇന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കോൾ സെൻ്ററുകൾ വഴിയാണ് തട്ടിപ്പിൻ്റെ തുടക്കം. ഫെഡറൽ ഏജൻ്റുമാരോ ബാങ്ക് ഉദ്യോഗസ്ഥരോ ആണെന്ന് നടിച്ച് വിളിക്കുന്ന സംഘം, ഇരകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും അറസ്റ്റ് ഒഴിവാക്കാൻ പിഴയായി സ്വർണ്ണം നൽകണമെന്നും വിശ്വസിപ്പിക്കും. തുടർന്ന് സ്വർണ്ണം കൈപ്പറ്റാൻ നിഗൻ ഭട്ടിനെപ്പോലെയുള്ള കൊറിയർമാരെ നേരിട്ട് അയക്കുകയാണ് ചെയ്യുന്നത്.
ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ടെക്സസിലെ രണ്ട് ഇന്ത്യൻ സ്വർണ്ണക്കടകളിൽ ഈ വർഷം ജനുവരിയിൽ പരിശോധന നടത്തിയിരുന്നു. തട്ടിയെടുത്ത സ്വർണ്ണം ഈ കടകൾ വഴി ആഭരണങ്ങളാക്കി മാറ്റി വിൽക്കുകയും, ആ പണം ഹവാല ഇടപാടുകളിലൂടെ വിദേശത്തേക്ക് കടത്തുകയുമാണ് സംഘം ചെയ്തിരുന്നത്.
ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചോ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങളെക്കുറിച്ചോ സംശയാസ്പദമായ ഫോൺ കോളുകൾ വന്നാൽ ഉടൻ വിവരം പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അപരിചിതർക്ക് പണമോ സ്വർണ്ണമോ കൈമാറരുതെന്നും ഫോണിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്നും ഷെരീഫ് ജെറാൾഡ് സ്റ്റിക്കർ മുന്നറിയിപ്പ് നൽകി. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന. അന്വേഷണം പുരോഗമിക്കുകയാണ്.
Massive gold scam in America: Indian youth arrested for trying to steal $800,000 worth of gold















