
ന്യൂയോർക്ക് സിറ്റി: ഗവർണർ കാത്തി ഹോച്ചുളിനെ കൂടുതൽ ധനസഹായത്തിനായി പ്രേരിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി, ഭൂ നികുതി ഏകദേശം 10% വർദ്ധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. തൻ്റെ ആദ്യ ബജറ്റ് പ്രസംഗത്തിലാണ് മംദാനി ഗവർണർ കാത്തി ഹോച്ചുളിനും സംസ്ഥാന നിയമസഭയ്ക്കും നേരെ ഇങ്ങനെയൊരു അന്ത്യശാസനം പുറപ്പെടുവിച്ചത്.
നഗരത്തിൻ്റെ ഏകദേശം 5.4 ബില്യൺ ഡോളറിൻ്റെ ബജറ്റ് കമ്മി പരിഹരിക്കാൻ അതിസമ്പന്നരുടെ മേൽ നികുതി ചുമത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകണം. ഇത് നടന്നില്ലെങ്കിൽ മാത്രമേ 9.5 ശതമാനം പ്രോപ്പർട്ടി ടാക്സ് വർദ്ധിപ്പിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാന സർക്കാർ നഗരത്തിന് കൂടുതൽ സാമ്പത്തിക സഹായം നൽകുകയോ അല്ലെങ്കിൽ സമ്പന്നർക്ക് മേൽ കൂടുതൽ നികുതി ഈടാക്കാൻ നഗരത്തെ അനുവദിക്കുകയോ ചെയ്യുക എന്നതാണ് മംദാനിയുടെ ലക്ഷ്യം.
ഈ വർദ്ധനവ് നടപ്പിലായാൽ ലക്ഷക്കണക്കിന് വീട്ടുടമസ്ഥരെയും വാണിജ്യ സ്ഥാപനങ്ങളെയും അത് സാരമായി ബാധിക്കും. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആയ മംദാനി, സമ്പന്നരിൽ നിന്ന് പണം കണ്ടെത്തുന്നതിനാണ് മുൻഗണന നൽകുന്നത്. എന്നാൽ സാധാരണക്കാരെ ബാധിക്കുന്ന ഈ നികുതി ഭീഷണി രാഷ്ട്രീയമായി വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഗവർണറെക്കൊണ്ട് അനുകൂല തീരുമാനമെടുപ്പിക്കാൻ മംദാനി പ്രയോഗിക്കുന്ന ഒരു സമ്മർദ്ദ തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
Mayor Mamdani threatens to raise property taxes in New York by 10%, a move that will affect millions of homeowners and commercial establishments















