
ഫ്ലോറിഡ: മിനിയാപൊളിസിൽ ഐസിഇ ഏജന്റിന്റെ വെടിയേറ്റ് 37-കാരിയായ റെനി ഗുഡ് കൊല്ലപ്പെട്ട സംഭവത്തിൽ ഫെഡറൽ ഗവൺമെന്റ് തെളിവുകൾ മറച്ചുവെക്കുകയാണെന്ന് മേയർ ജേക്കബ് ഫ്രേ ആരോപിച്ചു. നീതിയും സത്യവും പുറത്തുകൊണ്ടുവരാൻ മിനസോട്ടയിലെ ക്രിമിനൽ അപ്രഹെൻഷൻ ബ്യൂറോയെ അന്വേഷണത്തിൽ പങ്കാളികളാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടക്കത്തിൽ ബിസിഎ, എഫ്ബിഐ എന്നിവർ സംയുക്തമായി അന്വേഷണം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ഫെഡറൽ ഉദ്യോഗസ്ഥർ സഹകരിക്കാത്തതിനെത്തുടർന്ന് ബിസിഎ അന്വേഷണത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിതരായി. ഇതിനെതിരെ മേയറും ഗവർണർ ടിം വാൾസും കടുത്ത അതൃപ്തി രേഖപ്പെടുത്തി.
“ഞങ്ങൾക്ക് ഇവിടെ ഒളിച്ചുവെക്കാൻ ഒന്നുമില്ല, മിനിയാപൊളിസിന് വേണ്ടത് നീതി മാത്രമാണ്” എന്ന് മേയർ ഫ്രേ പറഞ്ഞു. വിദഗ്ധരായ അന്വേഷണ ഉദ്യോഗസ്ഥരുള്ള ബിസിഎയെ അന്വേഷണത്തിൽ നിന്ന് മാറ്റിനിർത്തുന്നത് ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെനി ഗുഡ് വാഹനം ഓടിച്ച് ഐസിഐ ഏജന്റിനെ വധിക്കാൻ ശ്രമിച്ചുവെന്നും അത് ‘ആഭ്യന്തര ഭീകരത’ ആണെന്നുമാണ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നത്. എന്നാൽ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഈ വാദത്തെ ഖണ്ഡിക്കുന്നതാണെന്നും ഏജന്റ് അനാവശ്യമായാണ് വെടിയുതിർത്തതെന്നും മേയർ ആരോപിച്ചു.
കൊല്ലപ്പെട്ട റെനി ഗുഡ് മൂന്ന് കുട്ടികളുടെ അമ്മയും ഒരു കവയിത്രിയുമായിരുന്നു. ഐസിഇ റെയ്ഡുകൾ നിരീക്ഷിക്കുന്ന ഒരു ‘ലീഗൽ ഒബ്സർവർ’ ആയിട്ടാണ് അവർ അവിടെ എത്തിയതെന്ന് പ്രാദേശിക അധികൃതർ വ്യക്തമാക്കുന്നു. അവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഉന്നതതലത്തിൽ നിന്ന് വരുന്ന പ്രസ്താവനകൾ വെറും വ്യാജപ്രചരണമാണെന്നും കുടുംബാംഗങ്ങൾ പറയുന്നു. 2020-ൽ ജോർജ്ജ് ഫ്ലോയിഡ് കൊല്ലപ്പെട്ട സ്ഥലത്തിന് തൊട്ടടുത്താണ് ഈ സംഭവവും നടന്നത് എന്നത് നഗരത്തിൽ വലിയ പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമായിട്ടുണ്ട്.















