
വാഷിംഗ്ടൺ: മിനിയാപൊളിസിൽ ഫെഡറൽ ഏജന്‍റുകളുടെ വെടിയേറ്റ് രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുന്നതിനിടെ, ഐക്യത്തിനായി ആഹ്വാനം ചെയ്ത് പ്രഥമ വനിത മെലാനിയ ട്രംപ് രംഗത്തെത്തി. ഭിന്നതകൾ മറന്ന് രാജ്യം ഒന്നിക്കണമെന്നും സമാധാനപരമായ പ്രതിഷേധങ്ങൾ മാത്രമേ പാടുള്ളൂവെന്നും ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ ആവശ്യപ്പെട്ടു. ട്രംപിന്‍റെ രണ്ടാം ഭരണകാലത്ത് സുപ്രധാനമായ സമകാലിക വിഷയങ്ങളിൽ മെലാനിയ പ്രതികരിക്കുന്നത് അതീവ അപൂർവ്വമായാണ്.
മിനിയാപൊളിസിലെ സാഹചര്യം ശാന്തമാക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മിനസോട്ട ഗവർണറുമായും മിനിയാപൊളിസ് മേയറുമായും ചർച്ചകൾ നടത്തുകയാണെന്ന് മെലാനിയ വ്യക്തമാക്കി. “നമ്മൾ ഐക്യത്തോടെ നിൽക്കേണ്ട സമയമാണിത്. അക്രമങ്ങളില്ലാതെ സമാധാനം ഉറപ്പാക്കാൻ പ്രസിഡന്‍റും പ്രാദേശിക ഭരണകൂടവും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. പ്രതിഷേധിക്കുന്നവർ സമാധാനപരമായ മാർഗ്ഗങ്ങൾ സ്വീകരിക്കണം,” അവർ പറഞ്ഞു. സ്വന്തം ജീവിതകഥ പറയുന്ന ‘മെലാനിയ’ എന്ന ഡോക്യുമെന്ററിയുടെ റിലീസിന് മുന്നോടിയായിട്ടായിരുന്നു പ്രഥമ വനിതയുടെ ഈ പ്രതികരണം.
അതേസമയം, മിനിയാപൊളിസിലെ വിവാദമായ ഇമിഗ്രേഷൻ നടപടികളുടെ ശൈലിയിൽ വൈറ്റ് ഹൗസ് മാറ്റം വരുത്തുന്നതായാണ് റിപ്പോർട്ടുകൾ. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ബോർഡർ പട്രോൾ കമാൻഡർ ഗ്രെഗ് ബോവിനോയെ മിനിയാപൊളിസിൽ നിന്ന് തിരിച്ചുവിളിക്കുകയും പകരം ബോർഡർ സാർ ടോം ഹോമാനെ അവിടേക്ക് നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ച മുൻപത്തെ നിലപാടുകളിൽ നിന്ന് അല്പം പിന്നോട്ട് പോയി, സാഹചര്യം ശാന്തമാക്കാനാണ് ഭരണകൂടം ഇപ്പോൾ ശ്രമിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടത് ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രഥമ വനിത തന്നെ നേരിട്ട് രംഗത്തെത്തി സമാധാനത്തിന് ആഹ്വാനം ചെയ്തത് രാജ്യത്തെ രോഷം തണുപ്പിക്കാനുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.















