ആകെ വിറ്റുപോയത് ഒരു ടിക്കറ്റ്, മെലാനിയ ട്രംപിന്‍റെ ജീവിതകഥ പറയുന്ന ഡോക്യുമെന്‍ററിക്ക് കാഴ്ചക്കാരില്ല; ടിക്കറ്റ് വിൽപനയിൽ വൻ തിരിച്ചടി

ലണ്ടൻ: അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന്‍റെ ജീവിതം ദൃശ്യവൽക്കരിക്കുന്ന “മെലാനിയ” എന്ന ഡോക്യുമെന്ററിക്ക് ബ്രിട്ടീഷ് തിയേറ്ററുകളിൽ വൻ പരാജയം. വെള്ളിയാഴ്ച ലണ്ടനിൽ നടക്കാനിരിക്കുന്ന പ്രീമിയറിന് മുന്നോടിയായി ലണ്ടനിലെ ഇസ്‌ലിംഗ്ടണിലുള്ള ഒരു തിയേറ്ററിൽ ഉച്ചകഴിഞ്ഞുള്ള ഷോയ്ക്ക് ഇതുവരെ ആകെ വിറ്റുപോയത് ഒരേയൊരു ടിക്കറ്റ് മാത്രമാണ്. ലണ്ടനിലുടനീളമുള്ള ‘വ്യൂ’ തിയേറ്ററുകളിലെ 28 ഷോകളിലും സീറ്റുകളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്.

ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ കടുത്ത വിമർശനങ്ങളാണ് ലണ്ടനിലെ തിയേറ്റർ ഉടമകൾക്ക് ലഭിക്കുന്നത്. എന്നാൽ ബ്രിട്ടീഷ് സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രങ്ങൾ തങ്ങൾ പ്രദർശിപ്പിക്കുമെന്നും സിനിമകളെ സെൻസർ ചെയ്യാൻ തങ്ങൾ ജഡ്ജിമാരല്ലെന്നും വ്യൂ സിഇഒ ടിം റിച്ചാർഡ്സ് വ്യക്തമാക്കി. ഡോണൾഡ് ട്രംപിന്റെ രണ്ടാമത് സത്യപ്രതിജ്ഞാ ചടങ്ങിന് മുൻപുള്ള 20 ദിവസങ്ങളാണ് ചിത്രത്തിൽ പ്രധാനമായും ദൃശ്യവൽക്കരിക്കുന്നത്. മെലാനിയയുടെ ഫാഷൻ തിരഞ്ഞെടുപ്പുകൾ, കുട്ടികളുടെ സംരക്ഷണത്തിനായുള്ള അവരുടെ പ്രവർത്തനങ്ങൾ, പ്രസിഡന്റിന്റെ ഉപദേശക എന്ന നിലയിലുള്ള പങ്ക് എന്നിവ ചിത്രത്തിലുണ്ട്.

ഏകദേശം 40 മില്യൺ ഡോളറിന് ആമസോൺ എംജിഎം സ്റ്റുഡിയോസുമായി ഒപ്പിട്ട കരാറിന്റെ ഭാഗമായാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. മാർക്ക് ബെക്ക്മാനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഇത് ഒരു രാഷ്ട്രീയ ചിത്രമല്ലെന്നും മെലാനിയയുടെ വ്യക്തിപരമായ ജീവിതമാണ് പറയുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ബ്രിട്ടനിൽ തണുപ്പൻ പ്രതികരണമാണെങ്കിലും അമേരിക്കയിൽ ചിത്രത്തിന് വൻ പ്രചാരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണി മുഴക്കിയാണ് മെലാനിയ ചിത്രത്തിന്റെ പ്രൊമോഷൻ നടത്തിയത്. വ്യാഴാഴ്ച വാഷിംഗ്ടണിലെ കെന്നഡി സെന്ററിൽ നടക്കുന്ന ഗംഭീര പ്രീമിയറിൽ പ്രസിഡന്‍റും പ്രഥമ വനിതയും പങ്കെടുക്കും.

More Stories from this section

family-dental
witywide