
വാഷിംഗ്ടൺ: ഇറാനിലെ സൈനിക നീക്കങ്ങളിലും യുദ്ധാനന്തര സാഹചര്യങ്ങളിലും വ്യക്തമായ തന്ത്രങ്ങളുടെ അഭാവമുണ്ടെന്ന സൂചനയുമായി ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്. വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിലെ അമേരിക്ക-ഇസ്രായേൽ സൈനിക നടപടികളെക്കുറിച്ച് ഇനിയും നിരവധി ചോദ്യങ്ങൾ ബാക്കിയുണ്ടെന്ന് മെർസ് തുറന്നടിച്ചു.
ഇറാനിലെ നിലവിലെ ഭരണകൂടം മാറിയാൽ അവിടെ പകരം വരാനിരിക്കുന്ന സിവിൽ ഭരണസംവിധാനത്തെക്കുറിച്ച് അമേരിക്കൻ സർക്കാരിന് കൃത്യമായ രൂപരേഖയില്ലെന്ന് ചാൻസലർ ചൂണ്ടിക്കാട്ടി. നിലവിലെ ബോംബാക്രമണങ്ങൾ വഴി പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെ രാജ്യത്തിനുള്ളിൽ രാഷ്ട്രീയ മാറ്റം കൊണ്ടുവരാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സൈനിക നീക്കം വലിയ അപകടസാധ്യതകൾ നിറഞ്ഞതാണെന്നും അതിന്റെ സാമ്പത്തികവും സൈനികവുമായ പ്രത്യാഘാതങ്ങൾ യൂറോപ്പിനെക്കൂടി ബാധിക്കുമെന്നും മെർസ് മുന്നറിയിപ്പ് നൽകി.
അതേസമയം, ഇറാൻ ഭരണകൂടത്തിന്റെ നടപടികളെ അപലപിക്കുന്നതിലും അമേരിക്കയുടെയും ഇസ്രായേലിന്റെയും ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിലും താൻ ഉറച്ചുനിൽക്കുന്നുവെന്ന് മെർസ് വ്യക്തമാക്കി. നിലവിലെ ഇറാൻ ഭരണകൂടം ഇല്ലാതാകുന്നത് ആ രാജ്യത്തെ ജനങ്ങൾക്കും ലോകത്തിനും നല്ല വാർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാം തവണയാണ് മെർസ് വൈറ്റ് ഹൗസ് സന്ദർശിക്കുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറെ വിൻസ്റ്റൺ ചർച്ചിൽ അല്ല എന്ന് വിളിച്ച് പരിഹസിച്ച ഡോണൾഡ് ട്രംപിന്റെ നടപടിയെ മെർസ് വിമർശിച്ചു. ട്രംപിന്റെ ഈ വിമർശനം നീതീകരിക്കാനാവില്ലെന്ന് താൻ നേരിട്ട് അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ബ്രിട്ടൻ സ്വീകരിച്ച നിലപാടിന്റെ പേരിൽ സഖ്യകക്ഷികളെ പരസ്യമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് ജർമ്മൻ ചാൻസലർ സ്വീകരിച്ചത്.












