
മെക്സിക്കോ സിറ്റി: വെനിസ്വേലയിൽ നിക്കോളാസ് മഡുറോയെ പിടികൂടാനായി അമേരിക്ക നടത്തുന്ന സൈനിക ഇടപെടലിനെതിരെ കടുത്ത നിലപാടുമായി മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം വീണ്ടും രംഗത്തെത്തി. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് മെക്സിക്കോയുടെ നയമല്ലെന്നും അമേരിക്കയുടെ ഈ നീക്കം അന്താരാഷ്ട്ര തത്വങ്ങളുടെ ലംഘനമാണെന്നും മെക്സിക്കോ സിറ്റിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അവർ വ്യക്തമാക്കി.
“ലാറ്റിൻ അമേരിക്കയുടെ ചരിത്രം പരിശോധിച്ചാൽ അധിനിവേശങ്ങൾ ഒരുകാലത്തും ജനാധിപത്യം കൊണ്ടുവന്നിട്ടില്ലെന്ന് വ്യക്തമാകും. ഓരോ രാജ്യത്തെയും ജനങ്ങൾക്കാണ് അവരുടെ ഭാവി തീരുമാനിക്കാനും വിഭവങ്ങളിൽ അധികാരം സ്ഥാപിക്കാനും അവകാശമുള്ളത്,” ഷെയ്ൻബോം പറഞ്ഞു. അമേരിക്കൻ ഭൂഖണ്ഡം ഏതെങ്കിലും ഒരു ശക്തിയുടെയോ സിദ്ധാന്തത്തിന്റെയോ കീഴിലല്ലെന്നും അത് അവിടുത്തെ ജനങ്ങളുടേതാണെന്നും അവർ ഓർമ്മിപ്പിച്ചു.
മെക്സിക്കോയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അവർ വ്യക്തമാക്കി. “മുൻപ് മെക്സിക്കോയിൽ അമേരിക്ക നടത്തിയ ഇടപെടലിലൂടെ ഞങ്ങൾക്ക് രാജ്യത്തിന്റെ പകുതി ഭാഗം നഷ്ടപ്പെട്ടിട്ടുണ്ട്” എന്ന ചരിത്രപരമായ പാഠവും അവർ മുൻപ് സൂചിപ്പിച്ചിരുന്നു. മെക്സിക്കോ മയക്കുമരുന്ന് മാഫിയകളുടെ നിയന്ത്രണത്തിലാണെന്ന ട്രംപിന്റെ ആരോപണത്തെ അവർ തള്ളിക്കളഞ്ഞു. ഫെന്റനൈൽ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ തടയാൻ മാനുഷികമായ കാരണങ്ങളാൽ മെക്സിക്കോ അമേരിക്കയുമായി സഹകരിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.















