
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ഗ്ലേഡ്‌സ് കൗണ്ടി ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ മെക്സിക്കൻ സ്വദേശിയായ പത്തൊമ്പതുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. റോയർ പെരസ്-ജിമെനെസ് എന്ന യുവാവാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.30-ഓടെ സെല്ലിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. എന്നാൽ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വിശദമായ അന്വേഷണം നടന്നുവരികയാണ്. തടങ്കൽ കേന്ദ്രത്തിൽ എത്തിയ സമയത്ത് നടത്തിയ മെഡിക്കൽ പരിശോധനകളിൽ ഇയാൾക്ക് മാനസിക പ്രശ്നങ്ങളോ ആത്മഹത്യാ പ്രവണതയോ ഉള്ളതായി കണ്ടെത്തിയിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
വ്യാജരേഖ ചമയ്ക്കൽ, പൊലീസ് ഉദ്യോഗസ്ഥനെ തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ജനുവരി 22-നാണ് വൊലൂഷ്യ കൗണ്ടി ഷെരീഫ് ഓഫീസ് റോയറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഫെബ്രുവരി 21-ന് ഇയാളെ ഐ.സി.ഇ (ICE) കസ്റ്റഡിയിലേക്ക് മാറ്റുകയും ഫെബ്രുവരി 26 മുതൽ ഗ്ലേഡ്‌സ് കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ പാർപ്പിക്കുകയുമായിരുന്നു.
നേരത്തെ 2022-ൽ അമേരിക്കയിൽ നിയമവിരുദ്ധമായി കടക്കാൻ ശ്രമിച്ചപ്പോൾ അതിർത്തി രക്ഷാസേന ഇയാളെ പിടികൂടി മെക്സിക്കോയിലേക്ക് തന്നെ തിരിച്ചയച്ചിരുന്നു. എന്നാൽ പിന്നീട് ഇയാൾ വീണ്ടും അതിർത്തി കടന്ന് അമേരിക്കയിൽ എത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പും ഇൻസ്പെക്ടർ ജനറലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെക്സിക്കൻ കോൺസുലേറ്റിനെയും യുവാവിൻ്റെ ബന്ധുക്കളെയും മരണവിവരം ഔദ്യോഗികമായി അറിയിച്ചതായി ഐ.സി.ഇ വ്യക്തമാക്കി.
Mexican teenager found dead in Florida immigration detention center: Authorities say it was suicide, investigation underway















