മിഷിഗൺ സിനഗോഗ് ആക്രമണം: പ്രതിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറെന്ന് ഇസ്രായേൽ; വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

വാഷിംഗ്ടൺ: അമേരിക്കയിലെ മിഷിഗണിൽ കഴിഞ്ഞദിവസം സിനഗോഗിന് നേരെ ആക്രമണം നടത്തിയ പ്രതി ഐമാൻ മുഹമ്മദ് ഗസാലിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന് ഇസ്രായേൽ പ്രതിരോധ സേന (IDF). കഴിഞ്ഞയാഴ്ച ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇബ്രാഹിം മുഹമ്മദ് ഗസാലി കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് ഔദ്യോഗികമായി അറിയിച്ചു. ഹിസ്ബുള്ളയുടെ ആയുധ വിഭാഗം കൈകാര്യം ചെയ്യുന്ന യൂണിറ്റിന്റെ ചുമതലക്കാരനായിരുന്നു ഇബ്രാഹിം.

ഇസ്രായേലിന് നേരെ നൂറുകണക്കിന് റോക്കറ്റുകൾ തൊടുത്തുവിട്ടത് ഈ യൂണിറ്റാണെന്ന് സൈന്യം അവകാശപ്പെട്ടു. ഇബ്രാഹിമിനൊപ്പം അയാളുടെ മക്കളായ അലിയും ഫാത്തിമയും, മറ്റൊരു സഹോദരനായ ഖാസിമും ഇതേ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ലെബനൻ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

ലെബനനിൽ തൻ്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട വിവരമറിഞ്ഞതിന് പിന്നാലെയാണ് 41-കാരനായ ഐമാൻ ഗസാലി മിഷിഗണിലെ ‘ടെമ്പിൾ ഇസ്രായേൽ’ സിനഗോഗിന് നേരെ ആക്രമണം നടത്തിയത്. സ്ഫോടക വസ്തുക്കളും തോക്കുമായി എത്തിയ ഇയാൾ, നൂറിലധികം കുട്ടികൾ പഠിച്ചുകൊണ്ടിരുന്ന സിനഗോഗ് കെട്ടിടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി വെടിവെപ്പ് നടത്തിയ ഐമാൻ, വാഹനത്തിന് തീപിടിച്ചതോടെ മരണപ്പെടുകയായിരുന്നു.

ലെബനനിൽ ജനിച്ച ഐമാൻ ഗസാലി 2011-ലാണ് അമേരിക്കയിലെത്തിയത്. 2016-ൽ ഇയാൾ അമേരിക്കൻ പൗരത്വം നേടി. ജൂത സമൂഹത്തെ ലക്ഷ്യം വെച്ച് ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് എഫ്.ബി.ഐ വ്യക്തമാക്കി. ഇയാളുടെ ഹിസ്ബുള്ള ബന്ധത്തെക്കുറിച്ചുള്ള ഇസ്രായേലിൻ്റെ വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എഫ്.ബി.ഐ വക്താവ് അറിയിച്ചു.

Michigan synagogue attack: Israel says suspect’s brother was Hezbollah commander; confirmed killed in airstrike

More Stories from this section

family-dental
witywide