മിഡിൽ ഈസ്റ്റ് മുഴുവൻ ഇസ്രായേൽ പിടിച്ചെടുത്താലും കുഴപ്പമില്ല, യുഎസ് അംബാസഡറുടെ പ്രസ്താവനയ്ക്കെതിരെ ആളിക്കത്തി പ്രതിഷേധം

വാഷിംഗ്ടൺ/ജറുസലേം: മിഡിൽ ഈസ്റ്റിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇസ്രായേൽ നിയന്ത്രണത്തിലാക്കിയാലും അത് കുഴപ്പമില്ലാത്ത കാര്യമാണെന്ന ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിയുടെ പ്രസ്താവന വിവാദമാകുന്നു. അമേരിക്കൻ വിദേശനയത്തിൽ നിന്നുള്ള വലിയൊരു മാറ്റമായി കാണുന്ന ഈ പ്രസ്താവനയ്‌ക്കെതിരെ അറബ് രാജ്യങ്ങളും മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളും ശക്തമായി രംഗത്തെത്തി. പ്രശസ്ത അമേരിക്കൻ മാധ്യമപ്രവർത്തകൻ ടക്കർ കാൾസണുമായുള്ള അഭിമുഖത്തിലാണ് വിവാദ പരാമർശം.

ബൈബിൾ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ഈജിപ്ത്, സിറിയ, ഇറാഖ് എന്നിവയുൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിന്റെ വലിയൊരു ഭാഗം ഇസ്രായേലിന് അവകാശപ്പെട്ടതാണോ എന്ന ചോദ്യത്തിനായിരുന്നു ഹക്കബിയുടെ മറുപടി. ഇത്രയും ഭൂമി ഇസ്രായേൽ പിടിച്ചെടുക്കുന്നത് ശരിയാണോ എന്ന കാൾസന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന്, “അവർ അത് മുഴുവൻ എടുത്താലും കുഴപ്പമില്ല എന്നായിരുന്നു ഹക്കബിയുടെ മറുപടി. എന്നാൽ ഇസ്രായേൽ നിലവിൽ ജോർദാനോ സിറിയയോ ഇറാഖോ പിടിച്ചെടുക്കാൻ ശ്രമിക്കുന്നില്ലെന്നും, തങ്ങൾ ഇപ്പോൾ താമസിക്കുന്നതും നിയമപരമായി കൈവശമുള്ളതുമായ ഭൂമിയിൽ (വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളെ സൂചിപ്പിച്ച്) സംരക്ഷണം ഉറപ്പാക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇസ്രായേൽ ഒഴികെയുള്ള മിക്കവാറും എല്ലാ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളും ഹക്കബിയുടെ നിലപാടിനെ അപലപിച്ചു. ഇസ്രായേലിലെ തീവ്ര വലതുപക്ഷ പാർട്ടികൾ പോലും പരസ്യമായി പറയാൻ മടിക്കുന്ന കാര്യമാണ് അമേരിക്കൻ അംബാസഡർ പറഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇസ്രായേൽ-പലസ്തീൻ തർക്കത്തിൽ വെസ്റ്റ് ബാങ്ക് ഇസ്രായേലിന്റെ ഭാഗമാണെന്ന നിലപാട് നേരത്തെയും ആവർത്തിച്ചിട്ടുള്ള വ്യക്തിയാണ് മൈക്ക് ഹക്കബി. എന്നാൽ മിഡിൽ ഈസ്റ്റ് മുഴുവൻ ഇസ്രായേൽ നിയന്ത്രിക്കുന്നതിനെ പിന്തുണയ്ക്കുന്ന രീതിയിലുള്ള സംസാരം മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന് നിരീക്ഷകർ കരുതുന്നു.

More Stories from this section

family-dental
witywide