കുവൈത്തിലെ യുഎസ് താവളത്തിലുണ്ടായത് വൻ ആൾനാശം; മുറിവേറ്റവരുടെ എണ്ണം നൂറു കടന്നു, വിവരങ്ങൾ പെന്‍റഗൺ മറച്ചുവെയ്ക്കുന്നുവെന്ന് ആക്ഷേപം

കുവൈത്ത് സിറ്റി/വാഷിംഗ്ടൺ: കുവൈത്തിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആക്രമണത്തിൽ ഏഴ് നാഷണൽ ഗാർഡ് അംഗങ്ങൾ കൊല്ലപ്പെട്ടതിന് പിന്നാലെ, 150-ഓളം സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. യുദ്ധം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും പരിക്കേറ്റവരുടെ യഥാർത്ഥ കണക്കുകൾ പെന്‍റഗൺ മറച്ചുവെച്ചു എന്ന ആരോപണം യുഎസ് പ്രതിരോധ മന്ത്രാലയത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കുവൈത്തിലെ ഷുഐബ തുറമുഖത്തുള്ള താൽക്കാലിക സൈനിക കേന്ദ്രത്തിന് നേരെ മാർച്ച് ഒന്നിനാണ് ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായത്. പരിക്കേറ്റ സൈനികരെ അമേരിക്കയിലെ രണ്ട് പ്രമുഖ സൈനിക ആശുപത്രികളിലേക്കും ജർമ്മനിയിലെ ലാൻഡ്‌സ്റ്റൂൾ മെഡിക്കൽ സെന്ററിലേക്കും മാറ്റിയിരിക്കുകയാണ്. ഇതിൽ ജർമ്മനിയിൽ ചികിത്സയിലുള്ള പലരുടെയും നില അതീവ ഗുരുതരമാണെന്നും ഒരാളുടെ കൈകാലുകൾ മുറിച്ചുമാറ്റേണ്ടി വരുമെന്നുമാണ് വിവരങ്ങൾ. മസ്തിഷ്കാഘാതം, പൊള്ളൽ, ചരലുകൾ തറച്ചുണ്ടായ മുറിവുകൾ എന്നിവയാണ് മിക്കവർക്കും സംഭവിച്ചിരിക്കുന്നത്.

ആക്രമണം നടന്ന് രണ്ടാഴ്ചയോളമായിട്ടും ഇത്രയധികം സൈനികർക്ക് പരിക്കേറ്റ വിവരം എന്തുകൊണ്ട് അമേരിക്ക ഔദ്യോഗികമായി അറിയിച്ചില്ല എന്നത് വലിയ ചോദ്യമുയർത്തുന്നു. തുടക്കത്തിൽ വളരെ കുറഞ്ഞ ആളുകൾക്ക് മാത്രമേ പരിക്കേറ്റുള്ളൂ എന്നായിരുന്നു പെന്‍റഗൺ റിപ്പോർട്ട്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം പരിക്കേറ്റവരിൽ 108 പേർ ചികിത്സയ്ക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിച്ചെങ്കിലും ബാക്കിയുള്ളവർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്.

പശ്ചിമേഷ്യയിൽ അമേരിക്കൻ താവളങ്ങൾ സുരക്ഷിതമാണെന്ന വാദങ്ങൾക്കിടെയാണ് കുവൈത്തിലെ ഈ വൻ ആൾനാശം പുറംലോകമറിയുന്നത്. ഇതോടെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സാന്നിധ്യവും സൈനികരുടെ സുരക്ഷയും സംബന്ധിച്ച് അമേരിക്കൻ ജനതയ്ക്കിടയിൽ കടുത്ത പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്. വിയറ്റ്‌നാം യുദ്ധത്തിന് സമാനമായ രീതിയിൽ അമേരിക്കൻ സൈനികരുടെ ജീവൻ അപകടത്തിലാക്കുന്ന ഒരു നയതന്ത്ര പരാജയമായി ഈ സംഘർഷം മാറിക്കൊണ്ടിരിക്കുകയാണ്.

More Stories from this section

family-dental
witywide