മൈനുകളും ഡ്രോണുകളും ഭീഷണിയാകുന്നു; യുദ്ധം അവസാനിച്ചാലും ഹോർമുസ് കടലിടുക്ക് സാധാരണ നിലയിലാകാൻ കാത്തിരിക്കണം, ട്രംപിൻ്റെ കണക്കുകൂട്ടലുകൾ തെറ്റുന്നു?

വാഷിംഗ്ടൺ/ഹോങ്കോംഗ്: ഇറാനെതിരായ സൈനിക നീക്കം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാനാകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലാകാൻ ഇനിയും മാസങ്ങൾ എടുത്തേക്കുമെന്ന് റിപ്പോർട്ട്. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ ആഗോള ഓഹരി വിപണികൾ ഉണർവ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള വ്യാപാരം അത്ര പെട്ടെന്ന് പുനഃസ്ഥാപിക്കാനാവില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

യുദ്ധം അവസാനിച്ചാലും ഇന്ധനവില താഴുന്നതിനും കപ്പൽ ഗതാഗതം സുരക്ഷിതമാകുന്നതിനും കാലതാമസമുണ്ടാകും. നിലവിൽ ഈ മേഖലയിലെ കപ്പലുകളുടെ ഇൻഷുറൻസ് തുക കുത്തനെ വർദ്ധിച്ചിരിക്കുകയാണ്. ഇതിനുപുറമെ, കപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ വെല്ലുവിളിയാണ് ഏറ്റവും വലുതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

“കടൽ യാത്രികരാണ് ആഗോള വ്യാപാരത്തിൻ്റെ നട്ടെല്ല്. ഇത്തരം അനിശ്ചിതത്വങ്ങൾ ഉണ്ടാകുമ്പോൾ അവരെ വീണ്ടും ജോലിക്ക് പ്രേരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്,” എന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ മാനേജ്‌മെൻ്റ് കമ്പനിയായ കാരവൽ ഗ്രൂപ്പിൻ്റെ സിഇഒ അംഗദ് ബംഗ പറയുന്നു.
ഇറാൻ്റെ ഭാഗത്തുനിന്നുള്ള ഉപരോധവും കടലിൽ വിതറിയിരിക്കുന്ന മൈനുകളും സ്ഫോടക ഡ്രോണുകളും മേഖലയെ അപകടകരമാക്കിയിരിക്കുകയാണ്. ഈ മാസം ആദ്യം ‘മയൂരി നാരീ’ എന്ന തായ് ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണം ഇതിന് തെളിവാണ്. കപ്പലിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ജീവനക്കാരെ ഒഴിപ്പിച്ചെങ്കിലും മൂന്ന് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കണക്കുകൾ പ്രകാരം യുദ്ധം ആരംഭിച്ചതുമുതൽ ഇതുവരെ ഏഴ് കപ്പൽ ജീവനക്കാർ കൊല്ലപ്പെടുകയും പന്ത്രണ്ടിലധികം കപ്പലുകൾ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ലോകത്തെ 90% ഉൽപ്പന്നങ്ങളും കപ്പൽ മാർഗമാണ് നീക്കം ചെയ്യപ്പെടുന്നത് എന്നതിനാൽ, ഹോർമുസ് കടലിടുക്കിലെ ഈ പ്രതിസന്ധി ആഗോള വിതരണ ശൃംഖലയെ വരും മാസങ്ങളിലും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതയാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണവ്യാപാരത്തിൻ്റെ സിരാകേന്ദ്രമായി ഇത് അറിയപ്പെടുന്നു. ഇതിൻ്റെ വടക്കുഭാഗത്ത് ഇറാനും തെക്കുഭാഗത്ത് ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE) എന്നീ രാജ്യങ്ങളുമാണ് സ്ഥിതി ചെയ്യുന്നത്.

ലോകത്ത് കടൽ മാർഗ്ഗം കടത്തുന്ന എണ്ണയുടെ ഏകദേശം 25 ശതമാനവും ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (LNG) 20 ശതമാനവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. സൗദി അറേബ്യ, ഇറാൻ, യു.എ.ഇ, കുവൈറ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പെട്രോളിയം ഉൽപ്പന്നങ്ങൾ പ്രധാനമായും ഈ കടലിടുക്ക് വഴിയാണ് കയറ്റി അയക്കുന്നത്.

ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ഈ പാത അത്യന്താപേക്ഷിതമാണ്. ഇറാനുമായുണ്ടായ സംഘർഷങ്ങളെത്തുടർന്ന് ഈ പാതയിലൂടെയുള്ള ഗതാഗതം ആഴ്ചകളായി തടസ്സപ്പെട്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിൻ്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന് ഇറാൻ അവകാശപ്പെടുകയും അമേരിക്കൻ, ഇസ്രായേൽ കപ്പലുകൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മറ്റു രാജ്യങ്ങളുടെ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനും ഇറാൻ പദ്ധതിയിടുന്നു. പാത അടഞ്ഞതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണ കടന്നുപോയിരുന്ന സ്ഥാനത്ത് ഇപ്പോൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ എണ്ണ നീക്കം നടക്കുന്നുള്ളൂ.

Mines and drones pose a threat; even if the war ends, we must wait for the Strait of Hormuz to return to normal.

More Stories from this section

family-dental
witywide