അമേരിക്ക നടുങ്ങിയ പ്രതിഷേധങ്ങൾ, ഒടുവിൽ ട്രംപ് വഴങ്ങി; മിനസോട്ടയിലെ വിവാദ കുടിയേറ്റ വേട്ട അവസാനിപ്പിക്കുന്നു, പ്രഖ്യാപനവുമായി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: അമേരിക്കയിലെ മിനസോട്ടയിൽ മാസങ്ങളായി തുടരുന്നതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായതുമായ കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കുന്നു. വൈറ്റ് ഹൗസ് ബോർഡർ ചീഫ് ടോം ഹോമനാണ് ‘ഓപ്പറേഷൻ മെട്രോ സർജ്’ എന്നറിയപ്പെട്ട ഈ നടപടി അവസാനിപ്പിക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചത്. തന്റെ നിർദ്ദേശം പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 3,000 ഇമിഗ്രേഷൻ ഓഫീസർമാരെയാണ് ഈ നടപടിക്കായി മിനസോട്ടയിൽ വിന്യസിച്ചിരുന്നത്. കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനിടെ രണ്ട് അമേരിക്കൻ പൗരന്മാരായ റെനി ഗുഡ്, അലക്സ് പ്രെറ്റി എന്നിവർ വെടിയേറ്റ് മരിച്ചതിനെത്തുടർന്ന് ഭരണകൂടം വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിട്ടിരുന്നു. ഇതേത്തുടർന്ന് ജനുവരി 26-നാണ് ഓപ്പറേഷന്റെ ചുമതല ടോം ഹോമൻ ഏറ്റെടുത്തത്.

ഫെബ്രുവരി 4 മുതൽ 700 ഓളം ഉദ്യോഗസ്ഥരെ പ്രദേശത്ത് നിന്ന് പിൻവലിച്ചു തുടങ്ങിയിരുന്നു. പ്രാദേശിക ഷെരീഫ് ഓഫീസർമാരിൽ നിന്ന് ലഭിക്കുന്ന വർദ്ധിച്ച സഹകരണം മൂലമാണ് ഉദ്യോഗസ്ഥരെ പിൻവലിക്കാൻ സാധിച്ചതെന്ന് ഹോമൻ പറഞ്ഞു. എന്നാൽ മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേയുമായി ട്രംപ് ഭരണകൂടം വാക്പോര് തുടരുകയാണ്. ഫെഡറൽ നിയമങ്ങൾ നടപ്പിലാക്കാൻ നഗരം നേരിട്ട് സഹകരിക്കില്ലെന്ന മേയറുടെ നിലപാടിനെതിരെ ‘മേയർ തീക്കൊള്ളി കൊണ്ടാണ് കളിക്കുന്നത്’ എന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

മിനസോട്ട ഗവർണർ ടിം വാൾസ് ഉൾപ്പെടെയുള്ളവർ ഈ നടപടി അവസാനിപ്പിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഓപ്പറേഷനിടെ ആയിരക്കണക്കിന് കുറ്റവാളികളായ വിദേശികളെ അറസ്റ്റ് ചെയ്തതായാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് അവകാശപ്പെടുന്നത്. എങ്കിലും രണ്ട് അമേരിക്കൻ പൗരന്മാരുടെ മരണം സംഭവത്തെ ദേശീയ തലത്തിൽ വലിയ വിവാദമാക്കി മാറ്റിയിരുന്നു.

More Stories from this section

family-dental
witywide