
വാഷിംഗ്ടൺ: മിനസോട്ടയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഏജന്റുമാരുടെ എണ്ണം വർദ്ധിപ്പിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ മിനസോട്ട സംസ്ഥാനവും മിനിയാപൊളിസ്, സെന്റ് പോൾ നഗരങ്ങളും ചേർന്ന് ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തു.
ഫെഡറൽ ഏജന്റുമാരുടെ വൻതോതിലുള്ള വിന്യാസം ഭരണഘടനാ വിരുദ്ധമാണെന്നും ഇത് സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അറ്റോർണി ജനറൽ കീത്ത് എലിസൺ വാദിച്ചു. ഫെഡറൽ ഏജന്റുമാർ വർണ്ണവിവേചനപരമായ അറസ്റ്റുകൾ നടത്തുന്നുവെന്നും ജനങ്ങളിൽ ഭീതി പടർത്തുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.
മിനിയാപൊളിസിൽ റെനീ നികോൾ ഗുഡ് എന്ന 37കാരിയെ ഒരു ഐസിഇ ഏജന്റ് വെടിവെച്ചുകൊന്നതിനെത്തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നാലെയാണ് ഈ നിയമനടപടി.
ഫെഡറൽ ഏജന്റുമാരുടെ വിന്യാസം തടയാൻ ഒരു താൽക്കാലിക ഉത്തരവ് കോടതി പുറപ്പെടുവിക്കണമെന്ന് മിനസോട്ട ആവശ്യപ്പെട്ടിട്ടുണ്ട്. ഏജന്റുമാർ തിരിച്ചറിയൽ കാർഡുകൾ ധരിക്കണമെന്നും ബോഡി ക്യാമറകൾ ഉപയോഗിക്കണമെന്നും മിനസോട്ട ആവശ്യപ്പെട്ടു.
എന്നാൽ, ക്രമസമാധാനം നടപ്പിലാക്കുന്നതിനാണ് ഏജന്റുമാരെ വിന്യസിച്ചതെന്നും പ്രാദേശിക അധികാരികൾ നിയമം നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് ഇത്തരമൊരു നടപടിഎടുക്കേണ്ടി വന്നതെന്നുമാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ് പറയുന്നത്. മിനസോട്ടയെ കൂടാതെ ഇല്ലിനോയി സംസ്ഥാനവും സമാനമായ രീതിയിൽ ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
Minnesota has filed a lawsuit in federal court challenging the Trump administration’s move to increase the number of ICE agents.















